കൊച്ചി: ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്റെ മാസ് ഡയലോഗുമായിട്ടാണ് ടീസര്‍ പുറത്തിറങ്ങിയത്.
56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ഷൂട്ടിംഗിനു മുന്‍പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമായിരുന്നു കടുവ.
നേരത്തെ സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു.
കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.