Entertainment
ബാഹുബലി മുതല്‍ക്കാണ് ഇന്ത്യന്‍ സിനിമയില്‍ ആ ട്രെന്‍ഡ് ഇത്രയും പോപ്പുലറാകുന്നത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 25, 01:06 pm
Tuesday, 25th February 2025, 6:36 pm

സിനിമകള്‍ക്ക് സീക്വലും ഫ്രാഞ്ചൈസികളും ഉണ്ടാക്കുന്ന ട്രെന്‍ഡ് കൂടുതല്‍ പോപ്പുലറായത് ബാഹുബലി മുതല്‍ക്കാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. നല്ല ബിസിനസുണ്ടാകുന്നത് കാരണമാണ് സീക്വലും ഫ്രാഞ്ചൈസികളും ഇത്ര ജനപ്രിയമായതെന്നും നടന്‍ പറയുന്നു.

വളരെ വിജയമായ ഏതെങ്കിലും സിനിമയുടെ തുടര്‍ച്ചയായി വരുന്ന സിനിമയും ഒരേ യൂണിവേഴ്‌സില്‍ നിന്നും വരുന്ന സിനിമയും കാണാന്‍ ആളുകള്‍ക്ക് താത്പര്യം വര്‍ധിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. എച്ച്.ടി സിറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

‘നല്ല ബിസിനസ് ഉണ്ടാകുന്നത് കാരണം തന്നെയാണ് സീക്വലും ഫ്രാഞ്ചൈസികളുമൊക്കെ ഇത്ര ജനപ്രിയമായത്. ഒരു സംവിധായകന്‍ ഒരു സിനിമ ചെയ്യുന്നു, അത് വളരെ വലിയ വിജയമാകുന്നു. അങ്ങനെ അയാള്‍ അടുത്ത സിനിമ എടുക്കുമ്പോള്‍ അത് ഇതേ യൂണിവേഴ്‌സില്‍ ഉള്ളതാണെന്നോ അതിന്റെ ബാക്കിയാണെന്നോ കരുതുക.

ആദ്യം വിജയിച്ച സിനിമയുടെ തുടര്‍ച്ചയാണെന്നോ ഓരേ യൂണിവേഴ്‌സ് ആണെന്നോ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ക്ക് ആ സിനിമ കാണാനുള്ള താത്പര്യം വര്‍ധിക്കും. ചിലപ്പോഴൊക്കെ ആദ്യ സിനിമ എടുത്ത അതേ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വന്നിട്ട് ആ സിനിമയുടെ അടുത്ത ഭാഗം വേണമെന്ന് പറഞ്ഞേക്കും. അതൊക്കെ ശരിക്കും ബിസിനസാണ്.

അത് തന്നെയാണ് ഓരോ യൂണിവേഴ്‌സ് ഉണ്ടാക്കുന്നതിന്റെയും തുടര്‍ച്ചയായി സിനിമകള്‍ എടുക്കുന്നതിന്റെയും കാരണം. പിന്നെ ചിലപ്പോഴൊക്കെ ഒരു കഥ ഒന്നില്‍ അധികം സിനിമകളിലൂടെ പറയേണ്ടതുണ്ടാകാം. അത്രയും റണ്‍ ടൈം ഉള്ള സിനിമയാകും നിങ്ങളുടേത്.

ഇങ്ങനെയൊരു ട്രെന്‍ഡ് എവിടെയാണ് തുടങ്ങുന്നതെന്ന് അന്വേഷിച്ചു പോയാല്‍ അത് ബാഹുബലിയാകും. ആ സിനിമക്ക് മുമ്പും അങ്ങനെയൊരു ട്രെന്‍ഡ് ഉണ്ടാകാം. എന്നാല്‍ അത് കൂടുതല്‍ പോപ്പുലറാകുന്നത് ബാഹുബലി മുതല്‍ക്കാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Says That The Trend Of Making Sequels And Franchises For Films Has Become More Popular Since Bahubali