തെങ്കാശിപട്ടണം പോലെയുള്ള സിനിമയാണോയെന്ന് അറിയില്ല; എന്നാല്‍ എനിക്ക് ഈ പടത്തില്‍ ഒരു കാര്യം വര്‍ക്കായി: പൃഥ്വിരാജ്
Entertainment
തെങ്കാശിപട്ടണം പോലെയുള്ള സിനിമയാണോയെന്ന് അറിയില്ല; എന്നാല്‍ എനിക്ക് ഈ പടത്തില്‍ ഒരു കാര്യം വര്‍ക്കായി: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 4:24 pm

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചെയ്ത് വിപിന്‍ ദാസ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്.

മെയ് 16ന് തിയേറ്ററില്‍ എത്തുന്ന ഗുരുവായൂരമ്പല നടയിലൂടെ തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

സിനിമയില്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് താരം പറയുന്നത്. ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

തെങ്കാശിപട്ടണം പോലെയുള്ള സിനിമകള്‍ കണ്ടാല്‍ ചിരിച്ചു മറിയാന്‍ കഴിയുന്നത് പോലെയാണോ ഗുരുവായൂരമ്പല നടയില്‍ എന്ന ചോദ്യത്തിന് സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടപ്പോഴും സിനിമ കണ്ടപ്പോഴുമൊക്കെ തനിക്ക് ഇതിലെ ഹ്യൂമര്‍ വര്‍ക്കായെന്നാണ് താരം പറഞ്ഞത്. എന്നുകരുതി എല്ലാവരും ചിരിച്ചു മറിയാന്‍ പോകുന്ന സിനിമയാണ് ഇതെന്ന് താന്‍ അവകാശപെടുന്നില്ലെന്നും പൃഥ്വിരാജ് മറുപടി നല്‍കി.

‘ചിരിച്ചു മറിയുന്ന സിനിമയെന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് കണ്ട് പരിചയമുള്ള കുറേ സിനിമകള്‍ ഉള്ളത് കൊണ്ട് പെട്ടെന്ന് അത്തരം സിനിമകളാകും ഓര്‍മ വരിക. അങ്ങനെയുള്ള ഒരു സിനിമയാണോ ഇതെന്ന് എനിക്ക് അറിയില്ല. ഈ സിനിമയില്‍ ചിരിക്കാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ ഇതിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോഴും സിനിമ കണ്ടപ്പോഴുമൊക്കെ എനിക്ക് ഇതിലെ ഹ്യൂമര്‍ വര്‍ക്കായി. എന്നുകരുതി ഈ സിനിമ എല്ലാവരും ചിരിച്ചു മറിയാന്‍ പോകുന്ന സിനിമയാണെന്ന് ഞാന്‍ അവകാശപെടുന്നില്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Says That The Humor In Guruvayoor Ambalanadayil Is Work For Him