കാപ്പയില്‍ സംസാരിക്കുന്നത് എന്റെ ഭാഷയില്‍, ഞാൻ തനി തിരുവനന്തപുരത്തുകാരനാണ്: പൃഥ്വിരാജ്
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ പുതുതായി നിര്‍മിച്ച കാല്‍നട മേല്‍പാലം നാടിന് സമര്‍പ്പിച്ചത്.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പരിപാടിയില്‍ മുഖ്യാഥിതിയായിരുന്നു.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നതെന്നും. യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് പൃഥ്വിരാജ് ചടങ്ങില്‍ പറഞ്ഞത്.
തന്റെ മലയാളം യാഥാര്‍ഥ്യത്തില്‍ തിരുവനന്തപുരം ഭാഷയിലാണ് ഉള്ളതെന്നും ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രമേ ഉള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു.
‘ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന് സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം,’ പൃഥ്വി പറഞ്ഞു.
കാപ്പ എന്ന പുതുതായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷാജി കൈലാസ് ചിത്രത്തില്‍ തന്റെ തിരുവനന്തപുരം ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നതെന്നും പൃഥി കൂട്ടിച്ചേര്‍ത്തു.
അതേസമയം തീര്‍പ്പാണ് പൃഥ്വിരാജിന്റെ പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 25നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രമാണ് തീര്‍പ്പ്. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്. കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.
വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡാണ് പൃഥ്വിയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
Content Highlight: Prithviraj Sukumaran says that his malayalam is in Thiruvananthapuram slang