| Sunday, 3rd April 2022, 9:23 am

ഒരു സിനിമയോടുകൂടി ഇവിടെയല്ലൊം നന്നാക്കിക്കളയാം എന്ന ചിന്തയില്ല; മഹത്തായ സന്ദേശം പറഞ്ഞാലും ബോറന്‍ സിനിമ ബോറന്‍ സിനിമ തന്നെ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന ഏപ്രില്‍ 28ന് റിലീസ് ചെയ്യുകയാണ്.

പൊതുവെ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ജന ഗണ മന കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചും സംസാരിക്കുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്.

ഇപ്പോഴത്തെ ജനറേഷന് എന്തെങ്കിലും സന്ദേശം നല്‍കാന്‍ സിനിമ ലക്ഷ്യമിടുന്നുണ്ടോ എന്ന അവതാരകന്റെ ചേദ്യത്തിന്, ജന ഗണ മനയുടെ ലക്ഷ്യം ആത്യന്തികമായി ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതാണെന്നും ഒരു സിനിമ എടുത്ത് നാട് നന്നാക്കിക്കളയാം എന്ന ചിന്തയൊന്നും ഇല്ലെന്നും പറയുകയാണ് താരം.

”ആ ചുമതലയൊന്നും ഞങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ഇതൊരും സിനിമയാണ്. എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം.

എന്തൊക്കെയാണ് ആ സിനിമ പറയുന്നത് എങ്കിലും, അത് നിങ്ങളെ എന്‍ഗേജ് ചെയ്യിക്കുകയോ എന്റര്‍ടെയിന്‍ ചെയ്യിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അത് ഒരു വിജയമല്ല.

ഞാന്‍ എപ്പോഴും പറയാറുണ്ട്, ഒരു മഹത്തായ സന്ദേശം പറയുന്ന ബോറന്‍ സിനിമ ഒരു ബോറന്‍ സിനിമ തന്നെയാണ്. പ്രത്യേകിച്ച് ഒരു സന്ദേശവും പറയാത്ത നല്ല സിനിമ നല്ല സിനിമ തന്നെയാണ്.

ഈ സിനിമയില്‍ നിങ്ങള്‍ കാണുന്ന കഥാപാത്രമായ ആ പൗരനെ സിനിമയില്‍ നിങ്ങള്‍ കാണുന്ന സര്‍ക്കാര്‍ ഓഫീസില്‍ അങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്. സിനിമയില്‍ കാണുന്ന എല്ലാത്തിനെയും ജനറലൈസ് ചെയ്യരുത്.

എല്ലാ സിനിമയിലും എല്ലാ സിനിമാക്കാരും ഒരു കാര്യം കാണിച്ചാല്‍ ജനറലൈസ്ഡ് സ്റ്റേറ്റ്‌മെന്റ് ആണ് അവര്‍ നടത്തുന്നത്, എന്ന് നിങ്ങള്‍ വിചാരിക്കരുത്.

ഞങ്ങള്‍ ഒരു സിനിമയാണ് ഉണ്ടാക്കുന്നത്. വേറെ അവകാശവാദങ്ങളൊന്നുമില്ല. ഒരു സിനിമയോട് കൂടി ഞങ്ങള്‍ ഇവിടെല്ലാം നന്നാക്കും, അങ്ങനെയൊന്നുമല്ല,” പൃഥ്വിരാജ് പറഞ്ഞു.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

Content Highlight: Prithviraj Sukumaran says Jana Gana Mana is for pure entertainment

We use cookies to give you the best possible experience. Learn more