അമ്മക്ക് ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള എന്റെ സിനിമ അതാകും: പൃഥ്വിരാജ് സുകുമാരന്‍
Entertainment
അമ്മക്ക് ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള എന്റെ സിനിമ അതാകും: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 5:05 pm

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. പൃഥ്വിരാജിന് പുറമെ ബേസില്‍ ജോസഫുമെത്തുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്.

തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ട്. കോമഡി ചിത്രമെന്ന നിലയില്‍ തന്റെ അമ്മയായ മല്ലികയ്ക്ക് ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടുമെന്ന ചോദ്യത്തിന് പ്രസ്മീറ്റില്‍ മറുപടി പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

‘അമ്മക്ക് ഈ പടം ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അമ്മക്ക് മാത്രമല്ല ഗുരുവായൂരമ്പല നടയില്‍ ഇഷ്ടപെടുക. ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യമാണ് ഇത്. പടം റിലീസായ ശേഷം അങ്ങനെയല്ലല്ലോ എന്ന് നിങ്ങള്‍ ചോദിച്ചാല്‍, അങ്ങനെയല്ല.

ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി ഞാന്‍ കാണുന്നത് ഇത് വളരെ സന്തോഷത്തോടെ കാണാന്‍ പറ്റുന്ന പടമാണെന്ന കാര്യമാണ്. കാണുമ്പോഴും കണ്ട് കഴിയുമ്പോഴും സന്തോഷം തരുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍.

അങ്ങനെയുള്ള സിനിമകളാണ് പലരും വീണ്ടും കാണാന്‍ ആഗ്രഹിക്കുക. അതുകൊണ്ട് എന്റെ അമ്മക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്. അമ്മക്കും ആ പ്രതീക്ഷയുണ്ട്. കാരണം അമ്മക്ക് ഞാന്‍ ലൈറ്റര്‍ റോളുകള്‍ ചെയ്യുന്നത് കാണാനാണ് ഇഷ്ടം.

എന്റെ അമര്‍ അക്ബര്‍ അന്തോണിയൊക്കെ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുകൊണ്ട് അമ്മ ഈ പടം റിലീസായ അന്ന് തന്നെ പോയി കാണുമെന്നാണ് എന്റെ പ്രതീക്ഷ,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Says Guruvayoor Ambalanadayil Would Be His Movie That Mallika Sukumaran Might Like A Lot