'ഫ്രണ്ട്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവുമൊക്കെ'; നിഗൂഢത ഒളിപ്പിച്ച് തീര്‍പ്പ് ട്രെയ്ലര്‍
Entertainment news
'ഫ്രണ്ട്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവുമൊക്കെ'; നിഗൂഢത ഒളിപ്പിച്ച് തീര്‍പ്പ് ട്രെയ്ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th August 2022, 10:30 am

പൃഥ്വിരാജും, ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തീര്‍പ്പിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്നു. കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്.

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. പഴയ സുഹൃത്തുക്കളുടെ ഒത്തുകൂടലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറില്‍ കാണാനാവുക.

നിഗൂഢതകള്‍ നിലനിര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസറും രണ്ടാമത്തെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ട്രെയ്ലറിലേക്ക് എത്തുമ്പോഴും ഈ നിഗൂഢതകള്‍ തന്നെയാണ് കാണാനാവുക.

2 മിനിറ്റും 42 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസര്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും-മുരളി ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്.


ചരിത്രവും കാലിക പ്രാധാന്യവുമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. ഒരു ബോക്‌സ് ഓഫീസ് വിജയത്തിനുള്ള എല്ലാ ഫോര്‍മുലകളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തിരക്കഥക്കൊപ്പം തന്നെ ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

കടുവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. മികച്ച വിജയം നേടിയ ചിത്രം ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു.

അതേസമയം ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം നിലവില്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ നയന്‍താര നായികയാകുന്ന ഗോള്‍ഡാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു പൃഥി ചിത്രം. ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Content Highlight: Prithviraj Sukumaran’s Theerpu Movie Trailer Relased