കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ മലയാളത്തിന്റെ പ്രിയ നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കരണ്‍ ജോഹറിന്റെ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ആ ചിത്രത്തില്‍ നടി കജോളും സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും ഉണ്ടാകുമെന്നും അന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൊമന്‍ ഇറാനിയുടെ മകന്‍ കയോസെ ഇറാനിയാകും സംവിധായകന്‍ എന്നും വാര്‍ത്തകള്‍ വന്നതാണ്.
ഇപ്പോള്‍ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചതോടെ അത് പൃഥ്വിയും കജോളും ഒന്നിക്കുന്ന ചിത്രമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗസ്സ് ചെയ്ത് തുടങ്ങാം എന്ന ക്യാപ്ഷനോടെയായിരുന്നു കരണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതൊരു സിനിമയുടെ പ്രഖ്യാപാനമല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അതിലെ കുറിപ്പ് തുടങ്ങുന്നത്.
നവാഗത സംവിധായകന്റെ തീരുമാനമനുസരിച്ച് ഈ സിനിമയുടെ ടീം കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രീകരണം നടത്തുന്നുണ്ടായിരുന്നു എന്നും അതിന്റെ ചില കാര്യങ്ങള്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് പോലും മറച്ചു വെച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഒപ്പം കരണ്‍ സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചില സൂചനകളും നല്‍കി. ആദ്യത്തെ സൂചന നായകനെ പറ്റിയുള്ളതായിരുന്നു. ‘ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ വരുന്ന സൗത്തില്‍ നിന്നുള്ള സൂപ്പര്‍ താരം’ എന്നായിരുന്നു സൂചന.
നായികയായി എത്തുന്നത് ‘സെല്ലുലോയിഡിലെ വൈകാരികമായ എനര്‍ജിയാല്‍ നമ്മളെ വിസ്മയിപ്പിക്കുന്ന പ്രിയ നടി’ ആണെന്നും, മൂന്നാമത്തെ സൂചന ‘പാരമ്പര്യമുള്ള നവാഗത നടന്‍’ എന്നതായിരുന്നു.
അതോടെ ആരാധകര്‍ ഒരുപാട് ആളുകളുടെ പേരുകള്‍ കമന്റ് ചെയ്യാന്‍ തുടങ്ങി. നായകന്‍ സൗത്തില്‍ നിന്ന് ആയത് കൊണ്ട് ധനുഷ്, മഹേഷ് ബാബു, പ്രഭാസ് എന്നീ പേരുകള്‍ വന്നു. എന്നാല്‍ കൂടുതല്‍ പേരും പറഞ്ഞത് പൃഥ്വിരാജ് എന്നായിരുന്നു.
നായികയായി കജോളിന്റെ പേരാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. മൂന്നാമത്തേത് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്റെ പേര് തന്നെയായിരുന്നു.
അതോടെ ആരാധകര്‍ പൃഥ്വിരാജ് സുകുമാരനും കരണ്‍ ജോഹറും കജോളും ഇബ്രാഹിം അലി ഖാനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെയുണ്ടാകാമെന്ന പ്രതീക്ഷയിലാണ്.
Content Highlight: Prithviraj Sukumaran’s Bollywood film with Karan Johar And Kajol