Advertisement
Malayalam Cinema
ഓട്ടോ വിളിച്ചാണ് ഞാന്‍ പരിപാടിക്കെത്തിയത്, ഒരു താരം പോലും അല്ലാതിരുന്ന എന്നോടുള്ള പൃഥ്വിരാജിന്റെ പെരുമാറ്റം മറക്കാനാവില്ല: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 04, 07:32 am
Tuesday, 4th May 2021, 1:02 pm

രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ആദ്യമായി പൃഥ്വിരാജിനൊപ്പം ഉണ്ണി മുകുന്ദന്‍ എത്തുന്ന ചിത്രം കൂടിയാണ് ബ്രഹ്‌മം.

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പൃഥ്വിരാജുമൊത്തുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയെ കുറിച്ചും മനസുതുറക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇ ടൈംസിനോട് സംസാരിക്കവെയാണ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ഉണ്ണി മുകുന്ദന്‍ മനസുതുറന്നത്.

‘അന്ന് വൈകുന്നേരം ഒരു ചെറിയ പരിപാടിയുണ്ടായിരുന്നു. ഓട്ടോറിക്ഷയിലാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് താരങ്ങളെല്ലാം മടങ്ങുമ്പോഴേക്കും രാത്രി നേരം ഒരുപാട് വൈകിയിരുന്നു.

അപ്പോള്‍ പൃഥ്വിരാജ് വന്ന് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഒരുമിച്ച് പോകാമെന്നായിരുന്നു പറഞ്ഞത്. പൃഥ്വിയെ പോലൊരു വലിയ നടനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി താന്‍ ആ ക്ഷണം സ്നേഹത്തോടെ നിരസിക്കുകയായിരുന്നു,’ഉണ്ണി മുകുന്ദന്‍ പറയുന്നു.

അന്ന് ഞാന്‍ ആരുമല്ല. ആളുകളുടെ മനസില്‍ എന്റെ പേര് പോലും എത്തിയിട്ടില്ല. വെറും ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു ഞാന്‍. എന്നിട്ടും പൃഥ്വിരാജ് എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്.

അന്ന് രാജു എന്നോട് പെരുമാറിയ രീതി എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. പൃഥ്വിരാജ് എന്ന വ്യക്തി എന്താണ് എന്നുള്ളതിന്റെ ആമുഖം കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം, ഉണ്ണി മുകുന്ദന്‍ പറയുന്നു.

പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അഭിനേതാവ് ആവുന്നതിന് മുന്‍പേ തന്നെ താന്‍ ആരാധിച്ച നടനാണ് അദ്ദേഹമെന്നും ഉണ്ണി പറയുന്നു. പൃഥ്വിരാജ് ആളുകളോട് പെരുമാറുന്ന രീതി, തികഞ്ഞ മാന്യനാണ് അദ്ദേഹം. അസാധാരണമായ ഒരു നടന്‍ മാത്രമല്ല പൃഥ്വി, അനുകമ്പയുള്ള വ്യക്തിയും കൂടെയാണ്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമയെ അദ്ദേഹം വളരെ ഗൗരവമായും പ്രൊഫഷണലുമാണ് കാണുന്നത്. വ്യക്തിപരമായി അതൊന്ന് നേരില്‍ കണ്ട് അനുഭവിയ്ക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീര്‍ച്ചയായും ബ്രഹ്‌മം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പലതും എനിക്ക് പൃഥ്വിയില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Prithviraj Sukumaran is a thorough gentleman says Unni mukundan