| Monday, 17th June 2019, 12:56 pm

എല്‍, ദ ഫിനാലെ; ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതിന്റെ സൂചനകള്‍ നല്‍കി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതിന്റെ സൂചനകള്‍ നല്‍കി പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം നാളെയെന്നുമാണ് പൃഥ്വിയുടെ പോസ്റ്റ്. മോഹന്‍ലാലും അതേ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാര്‍ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു.

ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലൂസിഫര്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തിയിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി റെക്കോര്‍ഡിട്ടിരുന്നു. മജ്ഞു വാര്യര്‍, വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ടായിരുന്നു ലൂസിഫറില്‍.

We use cookies to give you the best possible experience. Learn more