ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്‍പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് പൃഥ്വിരാജ്. ഫേസ്ബുക്കിലുടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന വിവരം അറിയിച്ചത്.
കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, ആ നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ടു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.
മകള്‍ ആലി എഴുതിയ ഒരു കഥയിലെ ചില വരികളുടെ ചിത്രവും നടന്‍ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ലോക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും മികച്ച കഥയാണിതെന്നും പക്ഷെ ഈ മഹാമാരി കാലത്ത് ഈ കഥ ചിത്രീകരിക്കുക അസാധ്യമായതിനാല്‍ പുതിയ ഒരു കഥയെ പറ്റി ആലോചിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധം വന്നപ്പോള്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു അച്ഛനും മകനും അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയതും രണ്ട് വര്‍ഷത്തിനു ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ വീട്ടിലെത്തി സന്തോഷത്തോടെ ജീവിച്ചതുമാണ്, പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കഥ. ഇതിന്റെ ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തിയ ലൂസിഫറാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തിയേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം സിനിമാമേഖല നിശ്ചലമായതോടെ എമ്പുരാന്റെ അണിയറ പ്രവര്‍ത്തനങ്ങളും വൈകുകയായിരുന്നു.
പൃഥ്വിരാജിന്റെ പുതിയ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുമെടുക്കുന്ന ചിത്രം ലൂസിഫറില്‍ നിന്നും ഏറെ വ്യത്യസ്തമാകുമെന്നതിനാല്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ മറ്റൊരു മുഖം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
Content Highlight: Prithviraj Sukumaran announces new directorial movie before Empuraan