| Tuesday, 16th January 2024, 6:54 pm

ഓര്‍ക്കുമ്പോള്‍ ചിരിവരുന്ന കഥ; പൃഥ്വിരാജും ബേസിലുമൊന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ യോഗി ബാബുവും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ഉണ്ടാവും. താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടെയാണ് ഇത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ ദീപു പ്രദീപാണ്.

കുഞ്ഞിരാമായണം എഴുതുന്ന കാലം മുതല്‍ ദീപുവിന്റെ മനസില്‍ ഉണ്ടായിരുന്ന കഥയായിരുന്നു ഇതെന്ന് സംവിധായകന്‍ വിപിന്‍ ദാസ് മുമ്പ് പറഞ്ഞിരുന്നു.

ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അവിടെ നടക്കുന്ന ഒരു കല്യാണമാണ് കഥയുടെ ഇതിവൃത്തം.

നന്ദനത്തിന്റെ സ്വഭാവമുള്ള ചിത്രമാണെങ്കിലും ചിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ള ചിത്രമാണ് ഇതെന്നും മുമ്പ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഓര്‍ക്കുമ്പോള്‍ ചിരിവരുന്ന കഥയാണ് ഈ ചിത്രത്തിന്റേത് എന്ന് നടന്‍ പൃഥ്വിരാജും പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫിനും യോഗി ബാബുവിനും പുറമെ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, സിജു സണ്ണി, ഇര്‍ഷാദ്, കുഞ്ഞികൃഷ്ണന്‍, മനോജ് കെ.യു എന്നിവരും ഒന്നിക്കുന്നു. അങ്കിത് മേനോന്റെ സംഗീതത്തില്‍ നീരജ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Content Highlight: Prithviraj Sukumaran and Basil Joesph Movie Guruvayoor Ambalanadayil First Look Poster

We use cookies to give you the best possible experience. Learn more