നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും ഈ വര്‍ഷം പൃഥ്വി സ്വന്തമാക്കി.
ഈ വര്‍ഷം പൃഥ്വി ഭാഗമായ ബോളിവുഡ് ചിത്രമായിരുന്നു ബഡേ മിയാന്‍ ചോട്ടേ മിയാന്‍. ഹിന്ദിയില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ അലി അബ്ബാസ് സഫറാണ് ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ കബീര്‍ എന്ന വില്ലനായാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമായി മാറിയിരുന്നു അലി അബ്ബാസ് സഫര്‍ എന്ന സംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
prithviraj, ajith
ഹിന്ദി സിനിമകള്‍ക്ക് കേരളത്തില്‍ നല്ല പിന്തുണയുണ്ടെന്നും ഏത് സിനിമയായാലും അതിന്റെ യഥാര്‍ത്ഥ ഭാഷയില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രേക്ഷകര്‍ കേരളത്തിലുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അലി അബ്ബാസ് എന്ന സംവിധായകന്റെ സിനിമകള്‍ക്ക് സൗത്ത് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ടെന്നും സുല്‍ത്താന്‍ പോലുള്ള സിനിമകള്‍ വലിയ ഹിറ്റായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
സൗത്ത് ഇന്ത്യയില്‍ പലരും കള്‍ട്ട് ക്ലാസിക്കായി കാണുന്ന സിനിമകളിലൊന്നാണ് അലിയുടെ ടൈഗര്‍ സിന്ദാ ഹേയെന്നും പൃഥ്വിരാജ് പറഞ്ഞു. ഔറംഗസേബ് എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് താന്‍ ആദ്യമായി അലിയെ കാണുന്നതെന്നും അന്ന് അയാള്‍ ഗുണ്ടായ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഹിന്ദി സിനിമകള്‍ക്ക് കേരളത്തില്‍ നല്ല സ്വീകാര്യതയുണ്ട്. കേരളത്തിലെ സിനിമാപ്രേമികള്‍ ഒരുതരത്തില്‍ കോസ്‌മോപൊളിറ്റന്‍ ചിന്താഗതിയുള്ളവരാണ്. തമിഴ് സിനിമ തമിഴിലും ഹിന്ദി സിനിമ ഹിന്ദിയിലും കാണുന്നവരാണ് മലയാളികള്‍. അതുമാത്രമല്ല, തെലുങ്ക്, കന്നഡ സിനിമകള്‍ ഒറിജിനല്‍ ഭാഷയില്‍ കാണാന്‍ താത്പര്യപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ കേരളത്തിലുണ്ട്.
അലി അബ്ബാസിന്റെ ചിത്രങ്ങള്‍ക്ക് സൗത്ത് ഇന്ത്യയില്‍ വലിയ ഫാന്‍ ബേയ്‌സുണ്ട്. സുല്‍ത്താനൊക്കെ ഒരുപാട് ആഘോഷിക്കപ്പെട്ട സിനിമയാണ്. അതുപോലെ ടൈഗര്‍ സിന്ദാ ഹേ എന്ന സിനിമയെ കള്‍ട്ട് ക്ലാസിക്കായാണ് കണക്കാക്കുന്നത്. അലിയെ ഞാന്‍ ആദ്യമായി കാണുന്നത് ഔറംഗസേബ് എന്ന സിനിമയുടെ സമയത്താണ്. അന്ന് അയാള്‍ ഗുണ്ടായ് എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Sukumaran about Tiger Zinda Hai movie and Ali Abbaz Safar