നാദിര്‍ഷയുടെ ആദ്യ സംവിധാന സംരംഭമായ അമര്‍ അക്ബര്‍ അന്തോണിയില്‍ നായികയായ നമിത പ്രമോദുമൊത്തുള്ള അനുഭവം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.
‘ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ ചേട്ടന്റെ ഫാനാണ്,’ എന്ന് ഷൂട്ടിനിടെ നമിത പ്രമോദ് വന്ന് പറഞ്ഞതിനെ കുറിച്ചാണ് പൃഥ്വി രസകരമായി സംസാരിച്ചത്.
ക്ലബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ഒപ്പം അഭിനയിക്കുന്ന നായികമാരുമായി തനിക്കുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തന്റെ പുതിയ ചിത്രമായ കാപ്പയിലെ നായിക അപര്‍ണ ബാലമുരളിയും അഭിമുഖത്തില്‍ പൃഥ്വിക്കൊപ്പം ഉണ്ടായിരുന്നു.
”എനിക്ക് അപര്‍ണയെ അത്രക്കങ്ങോട്ട് അറിയില്ല. ഇതിലെ വ്യത്യാസം എന്താണെന്ന് വെച്ചാല്‍, സിനിമയില്‍ വന്ന സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്റെ ഫ്രണ്ട്‌സായി അന്ന് അഭിനയിച്ചിരുന്നത് ജഗദീഷേട്ടനും അമ്പിളി അങ്കിളുമൊക്കെയായിരുന്നു.
അന്നത്തെ പല സിനിമകളിലും ഞാന്‍ അവരെ എടാ എന്ന് വിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. അന്ന് യങ് ആക്ടേഴ്‌സ് വളരെ കുറവായിരുന്നല്ലോ. അതുകൊണ്ട് സെറ്റില്‍ ചെല്ലുമ്പോള്‍ എന്റെ അതേ ഏജ് ഗ്രൂപ്പില്‍ പെട്ട ഏക വ്യക്തി മിക്കവാറും നായിക മാത്രമായിരിക്കും.
അതുകൊണ്ട് അന്ന് ഒപ്പമഭിനയിച്ച നായികമാരെയാണ് എനിക്ക് കൂടുതല്‍ അറിയാവുന്നതും. പക്ഷെ ഇന്ന് അപര്‍ണയെ പോലുള്ളവര്‍ എന്നെക്കാള്‍ വളരെ ചെറുപ്പമാണ്. എന്നെക്കാള്‍ 13 വയസ് ചെറുപ്പമാണ് അപര്‍ണ.
അമര്‍ അക്ബര്‍ ആന്റണിയില്‍ അഭിനയിച്ച സമയത്ത് അതിന്റെ സെലിബ്രേഷന്‍ ടൈമില്‍ നമിത പ്രമോദ് വന്നിട്ട് ‘ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ ചേട്ടന്റെ വലിയ ഫാനാണ്,’ എന്ന് എന്നോട് പറഞ്ഞ പോലെയാണ് (ചിരി).
അതുകൊണ്ട് തുറന്ന് പറയുകയാണെങ്കില്‍ ഇവരൊന്നുമായി എനിക്ക് അടുത്ത ബന്ധമില്ല,” പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാപ്പക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പൃഥ്വിക്കും അപര്‍ണക്കും പുറമെ ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Prithviraj Sukumaran about Namitha Pramod