| Wednesday, 13th April 2022, 4:03 pm

ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ വേണ്ടി കോടികള്‍ മുടക്കി സിനിമയെടുക്കാന്‍ ഞങ്ങള്‍ക്കെന്താ വട്ടാണോ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, റോഷന്‍ മാത്യു, ശ്രിന്ദ, മാമുക്കോയ, നസ്‌ലന്‍, ഷൈന്‍ ടോം ചാക്കോ, സാഗര്‍ സൂര്യ, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കുരുതി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.

വളരെ ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഒരു ത്രില്ലര്‍ സിനിമയായാണ് കുരുതി പുറത്തിറങ്ങിയത്. സിനിമ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

കുരുതി പോലുള്ള ഒരു സിനിമ നിര്‍മിക്കാനുള്ള ധൈര്യം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

”അതെന്താണ് അങ്ങനെ ചോദിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. എനിക്ക് ആ കഥ ഇഷ്ടപ്പെട്ടു. അത് ഒരു നല്ല സിനിമയാകും എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാന്‍ അത് പ്രൊഡ്യൂസ് ചെയ്തു.

ഇതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഒരു സിനിമ കാണുമ്പോള്‍ അതിനകത്തെ ഓരോ പ്രത്യേക കാര്യങ്ങളും ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റാണ് എന്ന് കാണുന്നവര്‍ തെറ്റിദ്ധരിക്കുന്നതാണ്. ഒരു പ്രത്യേക കഥാപാത്രത്തെ കാണിച്ചു, അയാള്‍ ഇങ്ങനെയാണ്. ഓഹോ അപ്പോള്‍ നിങ്ങള്‍ പറയുന്നത് അത്തരത്തിലുള്ള എല്ലാ ആള്‍ക്കാരും ഇങ്ങനെയാണെന്നാണോ, അല്ല. അത്തരത്തിലുള്ള ഒരാളെക്കുറിച്ചുള്ള സിനിമയാണ്.

ആ ഒരാളെ ഈ സിനിമയില്‍ കാണിച്ചതുകൊണ്ട് അതുപോലുള്ള എല്ലാവരും ഇങ്ങനെയാണ് എന്ന് സിനിമ പറയുന്നില്ല.

സിനിമ മാത്രമല്ല, എല്ലാ ആര്‍ട്ട് ഫോമുകളും കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് പ്രോഗ്രസീവ്‌ലി പൊളിറ്റിസൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ വിചാരിക്കുന്നത് അത് ഈയടുത്ത് തുടങ്ങിയതാണെന്നാണ്. അത് സമീപകാലത്ത് തുടങ്ങിയതല്ല, ഒരു സ്ലോ പ്രോഗ്രഷനായിരുന്നു. കുറേ നാളായി അത് തുടങ്ങിയിട്ടുണ്ട്.

ഞങ്ങളാരും അത്ര Magnanimosu (ഉദാരമനസ്‌കര്‍) ഒന്നുമല്ല. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ വേണ്ടി കോടികള്‍ മുടക്കിയ ഒരു സിനിമയൊന്നും ഞങ്ങളാരും എടുക്കില്ല. ഞങ്ങള്‍ക്കെന്താ വട്ടാണോ? അത് ഫേസ്ബുക്കില്‍ ഇട്ടാല്‍ പോരേ?,” പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran about Kuruthi movie, its politics

We use cookies to give you the best possible experience. Learn more