|

ടീസറില്‍ കാണുന്ന ആ ഷോട്ട് എമ്പുരാനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളില്‍ ഒന്നാണ്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

എമ്പുരാന്റെ ആദ്യ ഗ്ലിംപ്‌സ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളസിനിമ ഇന്നേവരെ കാണാത്ത വരവേല്പാണ് എമ്പുരാന്റെ ടീസറിന് ലഭിച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പം ആദ്യഭാഗത്തിലെ ഡയലോഗുകള്‍ ചേര്‍ത്താണ് ടീസര്‍ പുറത്തിറക്കിയത്. എമ്പുരാന്റെ ടീസറിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍.

ടീസറില്‍ ഒരു കൊച്ചുകുട്ടി ആരുടെയോ കൈപിടിക്കുന്ന ഷോട്ടിനെക്കുറിച്ച് വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ ഷോട്ട് എമ്പുരാനില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടുകളില്‍ ഒന്നാണെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ആ സീനിനെപ്പറ്റിയോ അതിന് മുമ്പോ ശേഷമോ ഉള്ള രംഗങ്ങളെപ്പറ്റിയോ താന്‍ പറയില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ടീസര്‍ ലോഞ്ചിലെ ആക്‌സിഡന്റല്‍ ഡയറക്ടര്‍ പരാമര്‍ശത്തെപ്പറ്റിയും പൃഥ്വിരാജ് സംസാരിച്ചു. ഒരു സംവിധായകനാകാന്‍ വേണ്ടി താന്‍ ഒരിക്കലും മോഹന്‍ലാലിനെ സമീപിച്ചിട്ടില്ലെന്നും ഒരു കഥക്കായി മുരളി ഗോപിയെ നിര്‍ബന്ധിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ടിയാന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയില്‍ മുരളി ഗോപി പറഞ്ഞ ഐഡിയയില്‍ നിന്നാണ് ലൂസിഫറിന്റെ കഥ കിട്ടിയതെന്നും അതിലൂടെ സംവിധായകനായ ആളാണ് താനെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പിങ്ക്‌വില്ലയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ടീസറിലെ പല ഷോട്ടുകളെപ്പറ്റിയും ഇപ്പോള്‍ തന്നെ ചര്‍ച്ചകളും മറ്റും നടക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. അതില്‍ ഒരു കൊച്ചുകുട്ടി ആരുടെയോ കൈയില്‍ പിടിക്കുന്ന ഷോട്ട് എമ്പുരാനിലെ എന്റെ ഫേവറെറ്റ് ഷോട്ടുകളില്‍ ഒന്നാണ്. ആ ഷോട്ടിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഇപ്പോള്‍ കവിയില്ല. അതിന് മുമ്പോ പിമ്പോ ഉള്ള സീനിനെക്കുറിച്ചും ചോദിക്കരുത്.

അതുപോലെ, ടീസര്‍ ലോഞ്ചില്‍ ഞാന്‍ പറഞ്ഞ ‘ആക്‌സിഡന്റല്‍ ഡയറക്ടര്‍’ പരാമര്‍ശം. അത് സത്യമായ കാര്യമാണ്. ഒരു സിനിമ സംവിധാനം ചെയ്യുന്നു താങ്കള്‍ അതില്‍ അഭിനയിക്കുമോ എന്ന് ചോദിച്ച് ഞാന്‍ ലാല്‍ സാറിനെ സമീപിച്ചിട്ടില്ല. ഒരു കഥയ്ക്ക് വേണ്ടി മുരളിയെ നിര്‍ബന്ധിച്ചിട്ടില്ല. ടിയാന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയില്‍ മുരളി എന്നോട് പറഞ്ഞ ഒരു ഐഡിയയില്‍ നിന്നാണ് ലൂസിഫറിന്റെ കഥ കിട്ടുന്നത്. അതിലൂടെ സംവിധായകനായ ആളാണ് ഞാന്‍,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran about his favorite shot in Empuran movie