| Wednesday, 28th August 2024, 9:34 pm

പ്രായം കൊണ്ട് അമ്മാവനാണെങ്കിലും സ്വയം ന്യൂ ജനറേഷനാണെന്നാണ് ബേസില്‍ കരുതുന്നത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ 90 കോടിക്കടുത്ത് കളക്ഷന്‍ നേടി. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിര അണിനിരന്നിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. താന്‍ വളരെയധികം എന്‍ജോയ് ചെയ്ത ഒരു സെറ്റാണ് ഗുരുവായൂരമ്പല നടയിലിന്റേതെന്ന് പൃഥ്വിരാജ് പറഞ്ഞു. ക്രൂവിലെ പകുതിമുക്കാല്‍ പേരും പുതിയ ആളുകളായതുകൊണ്ട് ഒരുതരം റിഫ്രഷ്‌മെന്റ് സെറ്റില്‍ അനുഭവപ്പെട്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ആളുകളുടെ കൂടെ അഭിനയിക്കുമ്പോള്‍ താനൊരു അമ്മാവന്‍ വൈബാണെന്ന് തോന്നാറുണ്ടായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

എന്നാല്‍ ബേസിലും പ്രായം കൊണ്ട് അമ്മാവനാണെന്നും സ്വയം ന്യൂ ജനറേഷനാണെന്ന് കരുതുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ബേസിലും ടൊവിനോടും കൂടിയാണ് തന്നെ അമ്മാവനാക്കാന്‍ നടക്കുന്നതെന്നും പൃഥ്വി തമാശരൂപത്തില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ സിനമയിലേക്കെത്തിയവരുടെ കൂടെ അഭിനയിച്ച സമയത്ത് അവരുടെയും തന്റെയും കോമഡി സെന്‍സിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന് മനസിലായെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയിലിന്റെ സക്‌സസ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് ഞാന്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്ത സെറ്റ് ഗുരുവായൂരമ്പല നടയിലിന്റേതാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വലിയ സെറ്റ്, ഗ്രാന്‍ഡായിട്ടുള്ള ക്ലൈമാക്‌സ് എല്ലാം കൊണ്ടും നല്ലൊരു അറ്റ്‌മോസ്ഫിയറായിരുന്നു സിനിമയുടെ ഷൂട്ട്. ഈ സിനിമയുടെ കാസ്റ്റില്‍ പകുതിമുക്കാലും പുതിയ ആളുകളായിരുന്നു. അതുകൊണ്ട് തന്നെ ഈ സെറ്റിലെ അമ്മാവന്‍ ഞാനാണെന്ന് എനിക്ക് ഇടക്കൊക്കെ തോന്നാറുണ്ട്.

ബേസില്‍ ന്യൂ ജനറേഷന്‍ നടനാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. പക്ഷേ, പ്രായം കൊണ്ട് അവനും അമ്മാവനാണ്. ന്യൂ ജനറേഷനാണെന്ന് അവന്‍ സ്വയം കരുതുകയാണ്. ബേസിലും ടൊവിനോയുമാണ് എന്നെ അമ്മാവനാക്കാന്‍ നടക്കുന്നവരില്‍ പ്രധാനികള്‍. ഈ സിനിമയിലെ പുതിയ ആളുകളുടെ കോമഡി സെന്‍സും, ഡയലോഗ് ഡെലിവറിയും കാണുമ്പോള്‍ ഞാന്‍ അമ്മാവന്‍ വൈബായോ എന്ന് ഇടക്ക് തോന്നാറുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran about Basil Joseph

We use cookies to give you the best possible experience. Learn more