| Monday, 22nd August 2022, 11:56 pm

ഗോള്‍ഡില്‍ ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ വന്നത് പോലും പേരു പറഞ്ഞാല്‍ അറിയുന്ന നടന്‍: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തീര്‍പ്പ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്രെഡേ ഫിലിം ഹൗസ് യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ താന്‍ അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

ചിത്രം ഓണം റിലീസായിട്ടാണ് എത്തുന്നതെന്നും റിലീസ് ചെയ്യുന്ന തിയതി ഉടന്‍ തന്നെ ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ അറിയിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ഇതിനൊപ്പം തന്നെ മലയാളത്തില്‍ ഒരുപക്ഷെ ഏറ്റവും കുടുതല്‍ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകും ഗോള്‍ഡെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘ഗോള്‍ഡിനെ പറ്റി എനിക്ക് ഒരു വരി മാത്രമേ പറയാനുള്ളു. അതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. മലയാളത്തില്‍ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റുള്ള ചിത്രമാകാം ഒരുപക്ഷേ ഗോള്‍ഡ്. ചിത്രത്തിലെ ഒരു ഷോട്ടില്‍ വന്നു പോകുന്ന റോള്‍ വരെ പേര് പറഞ്ഞാല്‍ അറിയാവുന്ന നടന്മാരാണ് ചെയ്തിരിക്കുന്നത്,’ പൃഥ്വി പറയുന്നു.

താന്‍ ഉള്‍പ്പെടെ ഗോള്‍ഡില്‍ അഭിനയിച്ച എല്ലാവരും തന്നെ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തിലാണ് ചിത്രം ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘ഒരു അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ ഉള്‍പ്പെടുന്ന എല്ലാവരും ഗോള്‍ഡില്‍ അഭിനയിച്ചത്. ഗോള്‍ഡ് പൂര്‍ണമായും അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം തന്നെയാണ്,’ പൃഥ്വി പറഞ്ഞു.

അതേസമയം മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും-മുരളി ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്.


ചരിത്രവും കാലിക പ്രാധാന്യവുമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. ഒരു ബോക്സ് ഓഫീസ് വിജയത്തിനുള്ള എല്ലാ ഫോര്‍മുലകളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തിരക്കഥക്കൊപ്പം തന്നെ ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നതും വരികള്‍ എഴുതിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

കടുവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഓഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു.

അതേസമയം ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം നിലവില്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.

Content Highlight: Prithviraj Sukumaran about Alphonse Puthren’s Gold movie

We use cookies to give you the best possible experience. Learn more