ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായി എത്തുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ചിത്രം പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ആടുജീവിതത്തിലേതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിനായി വലിയ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷനാണ് പൃഥ്വിരാജ് നടത്തിയത്.
നജീബ് എന്ന കഥാപാത്രത്തിനായി നൂറ് ശതമാനവും താന്‍ കൊടുത്തിട്ടുണ്ടെന്നും ആടുജീവിതം ഇനി ഏത് കാലത്ത് കണ്ടാലും കുറച്ചുകൂടി ചെയ്യാമായിരുന്നു എന്ന് തനിക്ക് തോന്നില്ലെന്നും അത്രമാത്രം തന്നെ ആ കഥാപാത്രത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു പൃഥ്വി പറഞ്ഞത്.
മറ്റുകഥാപാത്രങ്ങളെപ്പോലെ അത്ര പെട്ടെന്ന് നജീബ് തന്നെ വിട്ടു പോകുമെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. നജീബായിട്ട് ജീവിച്ചു തീര്‍ക്കുമ്പോള്‍ അദ്ദേഹം അനുഭവിച്ച ഓരോന്നും തന്റേത് കൂടിയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി. നജീബ് ഇപ്പോഴും ഉള്ളിലുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.
ഒരു സിനിമ ചെയ്തു തീര്‍ന്നാല്‍ ആ കഥാപാത്രം നമ്മളില്‍ നിന്നും വിട്ടുപോകുന്ന കാര്യത്തില്‍ ഞാന്‍ വലിയ മിടുക്കനാണെന്ന് വിചാരിച്ചിരുന്നു. ഒരു സിനിമ കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ഞാന്‍ ആ കഥാപാത്രത്തില്‍ നിന്നും പുറത്തുകടക്കും. ഒരു നടനെ സംബന്ധിച്ച് ഒരു കഥാപാത്രത്തെ ഉള്ളില്‍ കൊണ്ടു നടക്കുക എന്നത് അത്ര ഹെല്ത്തിയാവില്ല.
ഓരോ സിനിമ കഴിയുമ്പോഴും ആ കഥാപാത്രങ്ങളൊക്കെ നമ്മുടെ ഉള്ളില്‍ നിന്നാല്‍ എന്തായിരിക്കും അവസ്ഥ. അതില്‍ നിന്നും പുറത്തുകടക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ ഈ കഥാപാത്രത്തിന്റെ പ്രശ്നം ഒരു 16 വര്‍ഷത്തെ യാത്രയാണ്.
എത്രയോ വര്‍ഷങ്ങളില്‍ എത്രയോ സമയങ്ങളില്‍ എത്രയോ പ്രാവശ്യം മറ്റെന്തോ ചെയ്യുമ്പോള്‍ ഞാന്‍ പെട്ടെന്ന് നജീബിലേക്ക് സോണ്‍ ഔട്ട് ആയിട്ടുണ്ട്. ചിലപ്പോള്‍ വേറെ ഏതെങ്കിലും രാജ്യത്ത് ഇരുന്ന് വെക്കേഷന് ആസ്വദിക്കുകയായിരുന്നു.
പെട്ടെന്ന് ഒരു ചിന്ത വരും. ഇയാള്‍ക്ക് അങ്ങനെ സംഭവിച്ചപ്പോള്‍ എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക എന്ന രീതിയില്‍. ഇത് അറിയാതെ ഒരു ചിന്ത വരുന്നതാണ്. പിന്നെ അത് കട്ട് ഓഫ് ചെയ്തു പോകും.
ഈ സിനിമ റിലീസ് ആവുമല്ലോ എനിക്ക് തോന്നുന്നില്ല എന്റെ ബ്രെയ്ന്‍, സിനിമ റിലീസായി കേട്ടോ നിര്‍ത്തിക്കോ എന്ന് പറയുമെന്ന്. ഇത്രയും വര്‍ഷം ഇതുമായി നടന്നതുകൊണ്ട് ഈ കഥാപാത്രത്തില്‍ നിന്ന് ഫൈനല്‍ ഫെയര്‍വെല്‍ ഉണ്ടാകുമോ എന്നൊരു സംശയം എനിക്കുണ്ട്.
ഈ അടുത്ത കാലത്ത് എന്റെ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അക്കാബയില്‍ പോയിരുന്നു. സൊനാക്ഷി ആ സിനിമയിലുണ്ട്. വാദീറം ഡസേര്‍ട്ട് അവിടെ അടുത്താണ്. അവര്‍ക്ക് വദീറമ്മില് ഷൂട്ട് ഉണ്ടായിരുന്നു. എനിക്കില്ല. എന്റെ ഷൂട്ട് കഴിഞ്ഞ ദിവസം സൊനാക്ഷിയുമായി സംസാരിക്കുമ്പോള്‍ നമുക്ക് നാളെ വാദീറമ്മില് പോകാം എന്ന് ചോദിച്ചു. ഞാനില്ല സൊനാക്ഷി പോയിട്ട് വരൂ എന്നായിരുന്നു എന്റെ മറുപടി(ചിരി), പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj sukumar about sonakshi sihas invitation to visit a dersert and his reply