ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന “എന്ന് നിന്റെ മൊയ്തീന്‍ പറയുന്നത്” മൊയ്തീന്‍ കാഞ്ചനമാല ദമ്പതികളുടെ യഥാര്‍ത്ഥ പ്രണയകഥയാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. എന്നാല്‍ ചിത്രത്തില്‍ തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചെന്നും ഇത് പുറത്തിറങ്ങിയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കാഞ്ചനമാല പറയുന്നത്.
” കഥാപാത്രങ്ങല്‍ക്ക് എരിവും പുളിയും നല്‍കാന്‍ വേണ്ടി എന്റെ കഥ പൂര്‍ണമായി വളച്ചൊടിച്ചിട്ടുണ്ട്. തിരക്കഥ മുഴുവന്‍ തെറ്റായ വിവരങ്ങളാണുള്ളത്. ചിത്രത്തിന്റെ തിരക്കഥാ കൃത്ത് കൂടിയായ വിമല്‍ എന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു. എന്റെ അച്ഛന്‍ മലബാറില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തെ വിമല്‍ ക്രൂരനായ കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പ്രമുഖ കുടുംബത്തിലെ സ്ത്രീയാണ് ഞാന്‍. ഇത്തരം രീതിയില്‍ ചിത്രീകരിക്കുന്നത് എന്റെ മാതാപിതാക്കളുടെ കീര്‍ത്തിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കും.” കാഞ്ചനമാല പറഞ്ഞു.
പലകാര്യങ്ങളും താന്‍ പലതവണ തിരുത്തി നല്‍കിയത് വിമല്‍ അവഗണിച്ചെന്നും കാഞ്ചനമാല പരാതിപ്പെട്ടു. ” തിരക്കഥ രചനയുടെ ആദ്യഘട്ടത്തില്‍ അദ്ദേഹം എനിക്കൊരു കോപ്പി തന്നിരുന്നു. അതില്‍ നിരവധി തെറ്റുകള്‍ ഞാന്‍ കണ്ടു. ആ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞാനദ്ദേഹത്തോട് മുഴുവന്‍ തിരക്കഥയും തിരക്കഥാകൃത്ത് കൂടിയായി ദീദി ദാമോദരന് കാണിക്കാന്‍ വേണ്ടി പറഞ്ഞു. എന്നാല്‍ എന്റെ നിര്‍ദേശങ്ങള്‍ വിമല്‍ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല ഷൂട്ടിങ് ധൃതിയില്‍ തുടരുന്നുണ്ടെന്നുമാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഞാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും വിമല്‍ പ്രതികരിച്ചില്ല. അവസാനം ഞാന്‍ പൃഥ്വിരാജിനെ വിളിച്ച് കാര്യം പറഞ്ഞു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് വരെ അദ്ദേഹവും എന്നെ തിരിച്ചുവിളിച്ചിട്ടില്ല.” കാഞ്ചനമാല വ്യക്തമാക്കി.
കാഞ്ചനമാലയുടെ കഥ സിനിമയാക്കുന്നതില്‍ അവരുടെ കുടുംബത്തിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ” എന്റെ കുടുംബത്തിന് എന്റെ കഥ സിനിമയാക്കുന്നത് ഇഷ്ടമല്ലായിരുന്നു. പക്ഷെ എനിക്ക് തോന്നി ഈ സിനിമയിലൂടെ മൊയ്തീന്റെ സ്വപ്‌നം അനശ്വരമാക്കാനാകുമെന്ന്. മൊയ്തീന്റെ 60ാം ജന്മവാര്‍ഷികത്തിന് ഞങ്ങളുടെ കഥ പുസ്തകമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. പക്ഷെ ആ സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങളുടെ കഥ പുസ്തകമാക്കാനുള്ള കഴിവ് ഇപ്പോള്‍ എനിക്കില്ല. അതുകൊണ്ടാണ് ഞങ്ങളുടെ കഥ സിനിമയാക്കണമെന്നാവശ്യപ്പെട്ട് വിമല്‍ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്.” അവര്‍ കൂട്ടിച്ചേര്‍ത്തു.
താനിപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കാഞ്ചനമാല പറഞ്ഞു. വിമലിനെ മകനെപ്പോലെയാണ് താന്‍ കണ്ടത്. ഇപ്പോള്‍ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ സംവിധായകനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കാഞ്ചനമാല. ഇതിനോട് പ്രതികരിക്കാന്‍ വിമല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ചിത്രത്തില്‍ പൃഥ്വിരാജാണ് മൊയ്തീന്റെ വേഷമിടുന്നത്. കാഞ്ചനമാലയായി പാര്‍വ്വതിയും അഭിനയിക്കുന്നു.