| Saturday, 11th May 2024, 4:56 pm

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയുടെ സെറ്റിലാണ് ഞാന്‍ അങ്ങനെയൊരു കാഴ്ച കണ്ടത്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തപ്പോളുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ക്ലൈമാക്‌സിന് വേണ്ടി ഗുരുവായൂരമ്പലത്തിന്റെ വലിയ സെറ്റിട്ടിരുന്നെന്നും ആ സെറ്റില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് കസേരയിലിരുന്ന് വിശേഷം പറയുന്നതു കണ്ടപ്പോള്‍ കാരവനൊന്നും ഇല്ലാതിരുന്ന കാലത്തെ ഷൂട്ടിങ് ഓര്‍മകളിലേക്ക് പോയെന്നും പൃഥ്വി പറഞ്ഞു.

സിനിമയിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് സ്‌ക്രീനില്‍ വരുന്ന ക്ലൈമാക്‌സാണ് ഇതിലെന്നും, വെട്ടം സിനിമക്ക് ശേഷം അങ്ങനെയൊന്ന് ഈ സിനിമയിലാണ് ഉള്ളതെന്ന് തോന്നുന്നതെന്നും പൃഥ്വി പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയുടെ ക്ലൈമാക്‌സ് എന്ന് പറയുന്നത് ഇതിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് സ്‌ക്രീനില്‍ വരുന്ന സീനാണ്. ഗുരുവായൂരമ്പലത്തില്‍ വെച്ച് നടക്കുന്ന ക്ലൈമാക്‌സാണ് ഇതിലേത്. ഒറിജിനല്‍ അമ്പലത്തില്‍ ഷൂട്ടിങിന് അനുമതിയില്ലാത്തതുകൊണ്ട് എറണാകുളത്ത് സെറ്റിടുകയായിരുന്നു. കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്തായിരുന്നു ഷൂട്ട്. അപ്പോള്‍ ആര്‍ട്ടിസ്റ്റുകള് ആരും ഗ്യാപ്പ് കിട്ടുമ്പോള്‍ കാരവാനിലേക്ക് പോവില്ല. ലൊക്കേഷനില്‍ തന്നെയിരിക്കും.

അങ്ങനെയൊരു ദിവസം ബ്രേക്ക് ടൈമില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും കസേരയൊക്കെ എടുത്തിട്ട് ഇരുന്ന് പരസ്പരം സംസാരിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് എന്റെ കരിയറിന്റെ ആദ്യകാലം ഓര്‍മ വന്നു. അന്ന് ഈ കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു. ഞാന്‍ ഈ പറയുന്നത് 2000 മുതല്‍ 2005 വരെയൊക്കെയുള്ള കാലഘട്ടമാണ്. ആ സമയത്തൊക്കെയാണ് ബ്രേക്കുള്ളപ്പോള്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാറ്.

ഈ സിനിമയില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുമിച്ച് സ്‌ക്രീനില്‍ വരുന്ന വലിയൊരു ക്ലൈമാക്‌സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയില്‍ ആയിരുന്നു. അതുപോലെ ഫുള്‍ ഓണ്‍ എന്റര്‍ടൈനര്‍ തന്നെയായിരിക്കും ഈ ക്ലൈമാക്‌സും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj shares the shooting experience of Guruvayoorambala Nadayil movie climax

We use cookies to give you the best possible experience. Learn more