ഒരു സിനിമയിലെ കഥാപാത്രത്തിന് ഏതെങ്കിലുമൊരു സീനില്‍ ദൈവവുമായി കണക്ഷന്‍ തോന്നാറുണ്ടെന്നും അത്തരത്തില്‍ തന്റെ ഒരു കഥാപാത്രത്തെ കണ്ട് ത്രൂ ഔട്ടായി അങ്ങനെ തോന്നിയെന്ന് തമിഴ് നടന്‍ ചിമ്പു തന്നെ വിളിച്ച് പറഞ്ഞുവെന്ന് നടന്‍ പൃഥ്വിരാജ്. ആടുജീവിതം സിനിമ കണ്ടിട്ടാണ് ചിമ്പു അങ്ങനെ പറഞ്ഞതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ആടുജീവിതം കണ്ട് സിനിമാ ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കള്‍ പറഞ്ഞ അഭിപ്രായത്തില്‍ ഇതുവരെ ആരോടും ഷെയര്‍ ചെയ്യാത്ത ഏതെങ്കിലും അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘സിനിമാ ഇന്‍ഡസ്ട്രിയിലെ പലരും എന്നെ വിളിച്ച് അഭിനന്ദിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്ന് ചിമ്പു (സിലമ്പരസന്‍) എന്നെ വിളിച്ച് പറഞ്ഞ കാര്യമാണ്. അയാള്‍ എന്നെ വിളിച്ച്, ‘ബ്രദര്‍, നമ്മള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഏതെങ്കിലും ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അതിലെ ഒരു പര്‍ട്ടിക്കുലര്‍ സീനിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മൊമന്റിലോ ദൈവവുമായി ഡയറക്ട് കണക്ഷന്‍ ഫീല്‍ ചെയ്യും.
പക്ഷേ വേറൊരു ആക്ടറെക്കണ്ട് ആദ്യാവസാനം ദൈവവുമായി കണക്ഷന്‍ ഉണ്ടെന്ന് തോന്നിയത് ആടുജീവിതം കണ്ടപ്പോഴാണ്’ എന്നാണ് ചിമ്പു പറഞ്ഞത്. ഇതിന് മുമ്പ് എന്നോട് ആരും അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടില്ല. മറക്കാന്‍ പറ്റാത്ത ഒരു അഭിപ്രായമായാണ് എനിക്കത് തോന്നിയത്,’ പൃഥ്വി പറഞ്ഞു.
പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്. ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സി.വി സാരഥി, സുപ്രിയ മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മെയ് 16ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj shares the opinion of Silambarasan’s opinion after watching Aadujeevitham