ആടുജീവിതം മറ്റൊരു ഭാഷയില്‍ ചെയ്താല്‍ പോരെ എന്ന് ചോദിച്ചു; ബ്ലെസി ചേട്ടന്‍ പറഞ്ഞ മറുപടി അതായിരുന്നു: പൃഥ്വിരാജ്
Entertainment
ആടുജീവിതം മറ്റൊരു ഭാഷയില്‍ ചെയ്താല്‍ പോരെ എന്ന് ചോദിച്ചു; ബ്ലെസി ചേട്ടന്‍ പറഞ്ഞ മറുപടി അതായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 11:53 am

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. വന്‍ താരനിര ചടങ്ങില്‍ പങ്കടുത്തിരുന്നു. ചടങ്ങില്‍ പൃഥ്വിരാജ് ഈ സിനിമക്ക് വേണ്ടി ബ്ലെസി നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിച്ചു. 2008ല്‍ ഈ സിനിമ ചെയ്യാന്‍ താന്‍ തീരുമാനിച്ചുവെന്നും, പിന്നീട് ഇതിന് വേണ്ടി ബ്ലെസി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് ഏറ്റവുമധികം അറിഞ്ഞ ആള്‍ താനാണെന്നും പൃഥ്വി പറഞ്ഞു.

‘2008ലാണ് ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞ് ബ്ലെസി എന്റെയടുത്തേക്ക് വന്നത്. ആ നോവല്‍ ഞാന്‍ വായിച്ചിട്ട് ബ്ലെസിയോട് ഞാന്‍ ചോദിച്ചത്, ബ്ലെസി ചേട്ടാ ഈ കഥ മലയാളത്തില്‍ ചെയ്യാന്‍ നമ്മളെക്കൊണ്ട് പറ്റുമോ? വേറെ ഏതെങ്കിലും ഭാഷയില്‍ ഉള്ളവരെക്കൊണ്ട് ആ ഭാഷയില്‍ ചെയ്താല്‍ പോരെ. നമുക്ക് ഇത്രയും വലിയ സിനിമ ഇപ്പോള്‍ സാധ്യമാണോ എന്നാണ്.

അതിന് ബ്ലെസി ചേട്ടന്‍ തന്ന മറുപടി, ‘രാജൂ, ഇത് നജീബിന്റെ കഥയാണ്, മലയാളത്തിന്റെ കഥയാണ്, മലയാളത്തില്‍ ചെയ്യാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്’ എന്നായിരുന്നു. അതിന് ശേഷം പത്തു വര്‍ഷം കഴിഞ്ഞിട്ടാണ് ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. ആ പത്തു വര്‍ഷത്തിനിടയില്‍ ബ്ലെസി ചേട്ടന്‍ അനുഭവിച്ച സ്ട്രഗിള്‍ എന്താണെന്ന് ഇന്ന് ഇവിടെ ഇരിക്കുന്നവരില്‍ ബ്ലെസി ചേട്ടന്റെ കുടുംബത്തിനും എനിക്കും മാത്രമേ അറിയുള്ളൂ,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj shares  the memories of initial discussions of Aadujeevitham