പോക്കിരിരാജയിലെ ആ സീനിന് ഇടയിലാണ് ബ്ലെസിസാർ എന്നെ കാണാൻ വരുന്നത്: പൃഥ്വിരാജ്
Entertainment
പോക്കിരിരാജയിലെ ആ സീനിന് ഇടയിലാണ് ബ്ലെസിസാർ എന്നെ കാണാൻ വരുന്നത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th March 2024, 9:39 pm

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

മലയാളത്തിൽ ഒരു നടൻ നടത്തിയ ഏറ്റവും വലിയ ട്രാൻസ്ഫോർമേഷനാണ് നടൻ പൃഥ്വിരാജ് ആടുജീവിതത്തിനായി നടത്തിയിട്ടുള്ളത്. നിരവധി താരങ്ങൾ പൃഥ്വി കഥാപാത്രത്തിനായി നടത്തിയ ഹാർഡ് വർക്കിനെ പുകഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മോഹൻലാൽ പറഞ്ഞത്,’പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോള്‍ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി എനിക്ക് തോന്നിയിട്ടില്ല.

എന്നെ തലകുത്തി നിര്‍ത്തിച്ചു എന്നല്ലേ ഉള്ളൂ. ഈ പടത്തില്‍ ചെയ്യിച്ചത് എനിക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഇനി അടുത്ത സിനിമയില്‍ എന്നെക്കൊണ്ട് ഇതിലും വലുത് ചെയ്യിക്കാനായിരിക്കും ബ്ലെസി പ്ലാന്‍ ചെയ്യുന്നത്,’ എന്നായിരുന്നു.

ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാൽ നഗ്നനായി അഭിനയിച്ചിരുന്നു. ഭ്രമരത്തിലും മോഹൻലാൽ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.


സംവിധായകൻ ബ്ലെസി തന്നോട് കഥപറയാൻ വന്ന ദിവസം ഓർക്കുകയാണ് പൃഥ്വിരാജ്. താൻ പോക്കിരിരാജയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബ്ലെസി തന്നെ കാണാൻ ലൊക്കേഷനിലേക്ക് വന്നതെന്ന് പൃഥ്വി പറയുന്നു. ഫിലിം കംമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഓർമയിൽ, പോക്കിരിരാജയിൽ സുരാജിന്റെ വീട്ടിലേക്ക് ഞാൻ മാറുന്ന സീൻ എടുക്കുമ്പോഴാണ് ബ്ലെസി സാർ എന്നെ കാണാൻ വരുന്നത്. ഞാനപ്പോൾ ഒരു കറുത്ത ഹുഡി ഷർട്ടാണ് ഇട്ടിട്ടുള്ളത്. ആ സമയത്താണ് ബ്ലെസി സാർ ലൊക്കേഷനിലേക്ക് വരുന്നത്,’പൃഥ്വിരാജ് പറയുന്നു.

C0ntent Highlight: Prithviraj Shares The First Meet With Blessy