| Saturday, 1st June 2024, 10:29 pm

സുപ്രിയയുടെ വാശി കാരണം എന്റെ ഫെരാരി അസിസ്റ്റന്റുകള്‍ക്ക് കൊടുത്തിട്ട് സാദാ ഹ്യുണ്ടായിയില്‍ യാത്ര ചെയ്യേണ്ടി വന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ ഡ്രൈവിങ് ഒരുപാട് ഇഷ്ടമുള്ളയാളാണ് താനെന്നും എന്നാല്‍ തന്റെ ഭാര്യക്ക് അതൊന്നും അത്ര ഇഷ്ടമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കാലിഫോര്‍ണിയയില്‍ വെച്ച് താന്‍ ഒരു ഫെരാരി കാര്‍ സംഘടിപ്പിച്ച് ഒരു ട്രിപ്പ് പോയെന്നും എന്നാല്‍ സുപ്രിയ വാശി പിടിച്ചത് കൊണ്ട് ആ കാര്‍ തന്റെ അസിസ്റ്റന്റുകള്‍ക്ക് നല്‍കേണ്ടി വന്നെന്നും പിന്നീട് അവരുടെ ഹ്യുണ്ടായി കാറിലായിരുന്നു ബാക്കി യാത്രയെന്നും പൃഥ്വി പറഞ്ഞു.

മികച്ച റോഡുകളുള്ള സ്പീഡ് ക്യാമറകളില്ലാത്ത റൂട്ടാണ് കാലിഫോര്‍ണിയയിലുള്ളതെന്നും അത്തരം റോഡുകളിലൂടെ യാത്ര ചെയ്യുന്നത് തനിക്ക് ഹരം തരുന്നവയാണെന്നും പൃഥ്വി പറഞ്ഞു. മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ഏറ്റവും ഫണ്ണിയായിട്ടുള്ള ട്രിപ്പ് ഏതായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ഏറ്റവും ഫണ്ണിയായിട്ടുള്ള ട്രിപ്പ് ഏതാണെന്ന് ചോദിച്ചാല്‍ കാലിഫോര്‍ണിയയില്‍ കുറച്ച് വര്‍ഷം മുമ്പ് പോയ ഒരു ട്രിപ്പായിരുന്നു. അവിടത്തെ റോഡിലൂടെ യാത്ര ചെയ്യുന്നത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. ആ വഴികളിലൊന്നും സ്പീഡ് ക്യാമറകളില്ല. നല്ല വേഗത്തില്‍ വണ്ടിയോടിക്കുന്നത് എപ്പോഴും എന്നെ ത്രില്ലടിപ്പിക്കും.

അവിടന്ന് ഞാന്‍ ഒരു ഫെരാരി കാര്‍ ഒപ്പിച്ചു. ഞാനും സുപ്രിയയും കൂടെ യാത്ര തുടങ്ങി. ആള്‍ത്തിരക്കൊന്നുമില്ലാത്ത വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡ് കണ്ടപ്പോള്‍ എനിക്ക് ത്രില്ലടിച്ചു. ഞാന്‍ നല്ല സ്പീഡില്‍ ഓടിക്കാന്‍ തുടങ്ങി. ഇത് കണ്ട് സുപ്രിയ ബഹളം വെച്ചു. ഞങ്ങളുടെ പിന്നാലെ എന്റെ അസിസ്റ്റന്റുമാര്‍ വരുന്നുണ്ടായിരുന്നു. ഒരു സാദാ ഹ്യുണ്ടായിയില്‍ ആയിരുന്നു അവര്‍ വന്നുകൊണ്ടിരുന്നത്.

ഈ കാറില്‍ ഇനി യത്ര ചെയ്യില്ലെന്ന് സുപ്രിയ പറഞ്ഞു. ഇത് കേട്ട് ഞാന്‍ വണ്ടി സൈഡിലേക്ക് ഒതുക്കിയിട്ടു. എന്റെ സഹായികള്‍ വന്നപ്പോള്‍ ഞാന്‍ അവരുടെ വണ്ടി വാങ്ങിയിട്ട് ആ ഫെരാരി അവര്‍ക്ക് കൊടുത്തു. പിന്നീട് ഉണ്ടായത് എന്താണെന്ന് വെച്ചാല്‍ ഞാനും സുപ്രിയയും ഹ്യുണ്ടായ് കാറില്‍ കാലിഫോര്‍ണിയയിലൂടെ പോകുന്നു. എന്റെ അസിസ്റ്റന്റ്‌സ് ഫെരാരിയില്‍ ഞങ്ങളെ ഫോളോ ചെയ്യുന്നു. വല്ലാത്ത അനുഭവമായിരുന്നു അത്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj shares the experience of a funny trip with Supriya

We use cookies to give you the best possible experience. Learn more