1984ല്‍ ഇറങ്ങിയ ഉണരൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. അച്ഛന്‍ സുകുമാരനും മോഹന്‍ലാലും മണിരത്‌നവുമെല്ലാമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
ചിത്രം അയച്ചു തന്ന സംവിധായകന്‍ രവി കെ. ചന്ദ്രന് നന്ദി അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സാധാരണ രീതിയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നൊസ്റ്റാള്‍ജിയായി മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ രംഗത്തുവന്നിരുന്നു. സൈബര്‍ ആക്രമണം കൂടാതെ ബി.ജെ.പി ചാനലായ ജനം ടി.വി അധിക്ഷേപ ലേഖനവുമായി രംഗത്തുവന്നിരുന്നു.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.
തുടര്‍ന്ന് ജനം ടിവിക്കും സംഘപരിവാറിനുമെതിരെ വലിയ പ്രതിഷേധനം തന്നെയായിരുന്നു കേരളത്തിലുടനീളം രൂപപ്പെട്ടത്. പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ – സാംസ്‌കാരിക – രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തുവന്നു.
ഈ പശ്ചാത്തലത്തിലാണ് സുകുമാരന്‍ വരുന്ന ഈ പഴയ ഫോട്ടോ ചര്‍ച്ചയാകുന്നത്. സുകുമാരന്റെ ചിത്രം സംഘികള്‍ക്കുള്ള ഒളിയമ്പ് മറുപടിയാണോയെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.
ചിത്രം കാണുന്ന സംഘി എന്‍.ഐ.എയിലേക്ക് വിളിക്കുകയായിരിക്കുമെന്നാണ് മറ്റൊരു കമന്റ്. അന്‍വര്‍ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ തീവ്രവാദബന്ധം അന്വേഷിക്കണം എന്നായിരിക്കും ഇവരുടെ ആവശ്യമെന്നും കമന്റുകളുണ്ട്.
അതേസമയം ഈ പോസ്റ്റിന് താഴെയും പൃഥ്വിരാജിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ എത്തിയിട്ടുണ്ട്. ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇവരുട കമന്റുകള്‍. എന്നാല്‍ പൃഥ്വിരാജിന് ഇപ്പോള്‍ ഇമേജ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അതെങ്കിലും മനസ്സിലാക്കണമെന്നാണ് ഇത്തരം കമന്റുകള്‍ക്കുള്ള മറുപടിയില്‍ പറയുന്നത്.