രാത്രി മുഴുവനിരുന്ന് ഞാന്‍ പഠിക്കുന്ന തെലുങ്ക് ഡയലോഗ് ഷോട്ടെടുക്കാറാവുമ്പോള്‍ പ്രശാന്ത് മാറ്റും: പൃഥ്വിരാജ്
Film News
രാത്രി മുഴുവനിരുന്ന് ഞാന്‍ പഠിക്കുന്ന തെലുങ്ക് ഡയലോഗ് ഷോട്ടെടുക്കാറാവുമ്പോള്‍ പ്രശാന്ത് മാറ്റും: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 9:30 am

സലാര്‍ ഷൂട്ടിനിടക്കുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. മലയാളത്തില്‍ ഡയലോഗ് പറയാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നിട്ടും താന്‍ തെലുങ്കിലാണ് ഡയലോഗ് പറഞ്ഞതെന്നും അതിനാല്‍ പഠിക്കാനായി 24 മണിക്കൂര്‍ മുന്നേ തന്നെ ഡയലോഗ് സംവിധായകന്‍ പ്രശാന്ത് നീലിനോട് ആവശ്യപ്പെടുമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. താന്‍ രാത്രി മുഴുവന്‍ ഇരുന്ന് പഠിക്കുന്ന ഡയലോഗ് ഷോട്ടെടുക്കുന്നതിന് മുമ്പ് പ്രശാന്ത് നീല്‍ മാറ്റുമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഹോംബാലെ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിനൊപ്പം പ്രശാന്ത് നീലും പ്രഭാസും അഭിമുഖത്തിലുണ്ടായിരുന്നു.

‘എന്റെ ഡയലോഗുകള്‍ മലയാളത്തില്‍ പറയില്ലെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞിരുന്നു, തെലുങ്ക് പഠിച്ച് തെലുങ്കില്‍ തന്നെ സംസാരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഒരു റിക്വസ്റ്റ് ഉണ്ട്. 24 മണിക്കൂറിന് മുന്നേയെങ്കിലും ഡയലോഗ് തരണമെന്ന് പറഞ്ഞു. പ്രശാന്തും ഡയലോഗ് റൈറ്ററും 24 മണിക്കൂറിനുള്ളില്‍ തന്നെ ഡയലോഗുകള്‍ തരും. ചിലപ്പോള്‍ വലിയ ഡയലോഗുകളും ഉണ്ടാവും.

വൈകിട്ട് മുഴുവന്‍ ട്രെഡ്മില്ലില്‍ കൂടി നടന്ന് ഡയലോഗ് പഠിക്കും. പിറ്റേന്ന് ഷൂട്ട് തുടങ്ങുമ്പോള്‍ സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍….. വെയ്റ്റ് വെയ്റ്റ് എന്ന് പറഞ്ഞ് അടുത്തേക്ക് വന്നിട്ട് ഈ ഡയലോഗ് മാറ്റിയാലോ എന്ന് പ്രശാന്ത് പറയും. ഞാന്‍ പരിഭ്രമിച്ച് എന്താ എന്താ എന്ന് ചോദിക്കും(ചിരി),’ പൃഥ്വിരാജ് പറഞ്ഞു.

സലാറിലെ ഏറ്റവും വലിയ സ്‌കെയ്ല്‍ പൃഥ്വിരാജാണെന്ന് പ്രശാന്ത് നീല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രഭാസ് ചിത്രത്തിലെ ഏറ്റവും വലിയ ഇമോഷനും ഡ്രാമയും പൃഥ്വിരാജാണെന്നും അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രശാന്ത് നീല്‍ പറഞ്ഞു.

‘വലിയ സ്‌കെയ്ലും ഔട്ട്ലുക്കും പാന്‍ ഇന്ത്യന്‍ മൂവി ഒക്കെ ആണെങ്കിലും സലാറിലെ ഏറ്റവും വലിയ സ്‌കെയ്ല്‍ പൃഥ്വിരാജാണ്. ഒരു പ്രഭാസ് ചിത്രത്തില്‍ എനിക്കുള്ള ഏറ്റവും വലിയ സ്‌കെയ്ലും ഏറ്റവും വലിയ ഇമോഷനും എനിക്കുള്ള വലിയ ഡ്രാമയുമെല്ലാം പൃഥ്വിരാജ് സുകുമാരനാണ്. അദ്ദേഹം ഈ സിനിമയുടെ ഭാഗമായതിനാല്‍ വലിയ സന്തോഷമുണ്ട്,’ പ്രശാന്ത് നീല്‍ പറഞ്ഞു. സംവിധായകന്റെ പരാമര്‍ശങ്ങള്‍ കേട്ട് അത്ഭുതപ്പെടുന്ന പൃഥ്വിരാജിനേയും കയ്യടിക്കുന്ന പ്രഭാസിനേയും വീഡിയോയില്‍ കാണാം.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്തത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: Prithviraj shares his fun experiences while shooting for Salaar