| Monday, 25th March 2024, 8:09 am

ആ സിനിമ ഇപ്പോഴും ഒരു മോഡേണ്‍ ക്ലാസികാണ്, എന്റെ സിനിമകളില്‍ ഞാന്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമ അതാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍ . കരിയറിന്റെ തുടക്കകാലത്ത് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെ നേരിട്ട് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ആടുജീവിതമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.

ആടുജീവിതത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച തമിഴ് സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിച്ചു. 2007ല്‍ റിലീസായ മൊഴിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള തമിഴ് സിനിമയെന്നും, അത് ഒരു മോഡേണ്‍ ഡേ ക്ലാസിക് ആണെന്നും പൃഥ്വി പറഞ്ഞു.

അത്തരം ഒരു സ്‌ക്രിപ്റ്റ് വളരെ അപൂര്‍വമാണെന്നും ഇന്നത്തെ കാലത്ത് ചെയ്താലും അതിന്റെ ഫ്രഷ്‌നെസ് നഷ്ടമാകില്ലെന്നും പൃഥ്വി അഭിപ്രായപ്പെട്ടു. തനിക്ക് ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച സിനിമ കൂടിയാണ് അതെന്നും പൃഥ്വി പറഞ്ഞു.

‘ഞാന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ എനിക്ക് അങ്ങനെ സമയം കിട്ടാറില്ല. പക്ഷേ അങ്ങനെ കാണുന്നുണ്ടെങ്കില്‍ അത് മൊഴി ആയിരിക്കും. ഒരു സിനിമ എന്നതിനെക്കാള്‍ എനിക്ക് അതൊരു നല്ല ഓര്‍മയാണ്. രാധാ മോഹന്‍ എന്ന ജീനിയസ് സംവിധായകന്റെ ചിന്തയില്‍ വിരിഞ്ഞ ബ്രില്യന്റ് സ്‌ക്രിപ്റ്റാണ്. ഒരു മോഡേണ്‍ ക്ലാസിക് ആണ് മൊഴി.

അഞ്ചോ ആറോ കഥാപാത്രങ്ങള്‍ മാത്രമേ ആ സിനിമയില്‍ ഉള്ളൂ. ഒന്നാലോചിച്ചു നോക്കൂ, സംസാരിക്കാനും ചെവി കേള്‍ക്കാനും കഴിയാത്ത ഒരു പെണ്‍കുട്ടി. അവളെ പ്രണയിക്കുന്നതാകട്ടെ ഒരു മ്യൂസിഷ്യന്‍. അവന്റെ ലോകം എന്നു പറയുന്നത് മുഴുവന്‍ ശബ്ദങ്ങള്‍ മാത്രം. ഇത്രക്ക് വ്യത്യസ്തമായ ഒരു കഥ, അത് ആളുകള്‍ക്ക് ഇഷ്ടമായത് ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് അതുകൊണ്ടാണ് ആളുകള്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടത്.

ഇങ്ങനെ സീരിയസ് ആയിട്ടുള്ളൊരു ചിന്തയെ ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടില്‍ അവതരിപ്പിക്കാന്‍ രാധാമോഹന് മാത്രമേ കഴിയുള്ളൂ. അതിലെ എം.എസ്. ഭാസ്‌കര്‍ സാറിന്റെ കഥാപാത്രത്തിനെയൊക്കെ ഫിലിം സ്‌കൂളില്‍ മാത്രമേ പഠിക്കാന്‍ പറ്റുള്ളൂ. സിനിമയെ കരിയറായി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു റഫറന്‍സ് പോയിന്റ് കൂടിയാണ് മൊഴി,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj shares his favorite Tamil film of him

We use cookies to give you the best possible experience. Learn more