മറ്റ് ഭാഷകളിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് പൃഥ്വിരാജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
ഹിന്ദി സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നത് വലിയ നേട്ടമാണെന്നോ എന്തോ വലിയ കാര്യം സംഭവിച്ചുവെന്നോ താന്‍ കരുതുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഹിന്ദിയില്‍ രണ്ടാമതായി ഔറംഗസേബ് എന്ന സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നതില്‍ തനിക്ക് സന്തോഷം തോന്നുന്ന ഘടകങ്ങള്‍ മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
‘ആദിത്യ ചോപ്രയെന്ന പ്രൊഡ്യൂസറും യഷ് രാജ് എന്ന പ്രെഡക്ഷന്‍ കമ്പനിയുമാണ് ആ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. തനിക്ക് കിട്ടിയ റോള്‍ ചെയ്യാന്‍ അവരുടെ മുന്നില്‍ എത്രയോ ചോയ്‌സ് ഉണ്ടായിരിക്കാം.
എന്നിട്ടും ഓഡിഷന്‍ ചെയ്താണ് അവരെന്നെ ഔറംഗസേബിലേക്ക് വിളിക്കുന്നത്. ആദിത്യ ചോപ്ര അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലേക്ക് എന്നെ വിളിച്ചു എന്ന കാര്യമാണ് ഞാന്‍ വലുതായി കാണുന്നത്,’ പൃഥ്വിരാജ് പറയുന്നു.