| Saturday, 7th August 2021, 2:59 pm

ക്രിയേറ്റീവ് സൈഡ് മാത്രമാണ് ഞാന്‍ നോക്കുന്നത്, ചെക്ക് ഒപ്പിടുന്നത് ഒക്കെ സുപ്രിയയാണ്; പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരേസമയം നടനും സംവിധായകനുമായിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയെന്ന് പറയുകയാണ് പൃഥ്വിരാജ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി മനസ്സുതുറന്നത്.

‘ഒരു നടന്റെയും നിര്‍മാതാവിന്റെയും ചുമതല ഒരേസമയം ഞാന്‍ നിര്‍വഹിച്ചിട്ടില്ല. ഒരു സിനിമയുടെ ക്രിയേറ്റീവ് സൈഡ് മാത്രമെ ഞാന്‍ ശ്രദ്ധിക്കാറുള്ളു. ചെക്ക് ഒപ്പിടുന്നത് ഒക്കെ എന്റെ ഭാര്യയായ സുപ്രിയയാണ്.

ഒരേസമയം നടനും നിര്‍മാതാവുമായിരിക്കുക എന്നത് അത്രയധികം ശ്രമകരമായ കാര്യമല്ല. എന്നാല്‍ ഒരേ സമയം സംവിധായകനും നടനുമായിരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ബ്രോ ഡാഡി എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം അതാണ് ടഫ്. ഇക്കാര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍ സര്‍, ഭാഗ്യരാജ് എന്നീ ലെജന്‍ഡുകളോട് എനിക്ക് ബഹുമാനം തോന്നുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി പൃഥ്വിയും എത്തുന്നുണ്ട്. ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ലഭിച്ചത്.

കുരുതിയാണ് പൃഥ്വിരാജിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങുന്ന ചിത്രം. അനീഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി.

പൃഥ്വിരാജ്, മുരളി ഗോപി, റോഷന്‍ മാത്യു, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Prithviraj Shares Experience About Being A producer and Actor

We use cookies to give you the best possible experience. Learn more