Entertainment news
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; എമ്പുരാന്റെ ചര്‍ച്ചയെന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 20, 06:07 pm
Monday, 20th June 2022, 11:37 pm

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോഴിതാ വീട്ടിലെത്തിയെന്ന് അറിയിച്ചുകൊണ്ട് മോഹന്‍ലാലുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ മേനോന്‍ പകര്‍ത്തിയ ചിത്രമാണ് പൃഥ്വിരാജ് തന്റെ സാമുഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആരാധകരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. എമ്പുരാന്റെ ചര്‍ച്ചക്കായിട്ടാണ് ഇരുവരും ഒന്നിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തു വരാനിരിക്കുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. കടുവയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

10 മിനുറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലാവും മോഹന്‍ലാല്‍ കടുവയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷാജി കൈലാസിന്റെ തിരിച്ചുവരവറിയിക്കുന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തില്‍ എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.

ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.
ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം.


മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight : Prithviraj Shares a pic with Mohanlal and pic goes viral in social media