| Tuesday, 19th July 2022, 12:30 pm

'മധു കൊട്ട മധു ആകുന്നതിന് മുമ്പ്'; കാപ്പയിലെ ലുക്ക് പങ്കുവെച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിപ്പോള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘മധു കൊട്ട മധു ആകുന്നതിന് മുമ്പ്’ എന്ന അടിക്കുറിപ്പിലാണ് പൃഥി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരു ബുള്ളറ്റ് ബൈക്കില്‍ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. വ്യത്യസ്ത ലുക്കിലാണ് പൃഥിയെ പങ്കുവെച്ച ചിത്രത്തില്‍ കാണാനാവുക.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.

അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു.വി എബ്രഹാം,ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ഈ സംരംഭത്തിന് തുടക്കമിടുന്നത്.

വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.
ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ഇന്ദുഗോപന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, എഡിറ്റര്‍ മഹേഷ് നാരായണന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആര്‍ട്ട് ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജൂ വൈക്കം, അനില്‍ മാത്യു. അതേസമയം കടുവ തിയേറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

Content Highlight : Prithviraj shares a location pic of his new movie Kappa

We use cookies to give you the best possible experience. Learn more