ഒരു സിനിമക്കായി തന്റെ ജീവിതത്തിലെ 16 വര്‍ഷത്തോളം മാറ്റിവെക്കേണ്ടി വന്ന സംവിധായകനാണ് ബ്ലെസി. ആടുജീവിതത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷവും ഷൂട്ടിനായി ഏഴ് വര്‍ഷവുമെടുത്തു. ബ്ലെസിക്ക് ശേഷം ഈ സിനിമക്കായി ഏറ്റവുമധികം കഷ്ടപ്പെട്ട മറ്റൊരാള്‍ പൃഥ്വിരാജാണ്. 30 കിലോയോളം ഭാരം കുറച്ചത് വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിനായി ജോര്‍ദനില്‍ എത്തിയ സമയത്ത് കൊവിഡ് കാരണം ഷൂട്ട് മുടങ്ങുകയും ക്രൂ മുഴുവന്‍ അവിടെ കുടുങ്ങിപ്പോവുകയും ചെയ്തു. ലോക്ക്ഡൗണിന്റെ അലയൊലികള്‍ അടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. ഇതിനായി പൃഥ്വിരാജ് വീണ്ടും ശരീരഭാരം കുറക്കേണ്ടി വന്നു. ആ സമയത്ത് അനുഭവിച്ച കാര്യങ്ങള്‍ ജിഞ്ചര്‍ മീഡിയയോട് പൃഥ്വി പങ്കുവെച്ചു.
‘ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഷൂട്ട് മുടങ്ങിയ ശേഷം ബ്ലെസി ചേട്ടന്‍ എന്നോട് ചോദിച്ചത്, ഇനി നാട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ രാജുവിന് ഇതൊക്കെ ഒന്നുകൂടെ ചെയ്യണ്ടേ എന്നാണ്. നമുക്ക് വേറൊരു ചോയ്‌സ് ഉണ്ടോ എന്ന് ഞാന്‍ ബ്ലെസി ചേട്ടനോട് ചോദിച്ചു. ആ സമയത്ത് ഷൂട്ട് മുടങ്ങിയപ്പോള്‍ രണ്ട് വഴികളാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഇനി ഇത് നടക്കില്ല എന്ന് പറഞ്ഞ് തോല്‍വി സമ്മതിക്കുക അല്ലെങ്കില്‍ എന്തു വന്നാലും നേരിടുമെന്ന് പറഞ്ഞ് മുന്നോട്ടു പോവുക.
ജോര്‍ദനില്‍ നിന്ന് തിരിച്ചെത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് വീണ്ടും ഷൂട്ട് തുടങ്ങാന്‍ സാധിച്ചത്. രണ്ടാമതും വെയിറ്റ് കുറയ്ക്കാന്‍ പോകുന്നതിന് മുമ്പ് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ എല്ലാവരും കൂടി ഒരു മീറ്റിങ് വെച്ചു. കാരണം അതിനനുസരിച്ച് വേണം അവര്‍ക്ക് ഷൂട്ട് പ്ലാന്‍ ചെയ്യാന്‍.
അതില്‍ ഞാന്‍ ബ്ലെസി ചേട്ടനോട് ഒറ്റക്കാര്യം മാത്രമേ പറഞ്ഞുള്ളൂ, ‘ചേട്ടാ, 120 ശതമാനം എന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ഞാന്‍ ചെയ്യും. ഇതിന് മുമ്പ് ഞാന്‍ എന്തൊക്കെ ചെയ്‌തോ, അതും അതിനപ്പുറവും ഞാന്‍ ചെയ്യും. പക്ഷേ കഴിഞ്ഞ തവണ ഉണ്ടായതുപോലെ ഒരു എഫക്ട് എന്റെ ബോഡിയില്‍ ഉണ്ടാകുമോ എന്നെനിക്ക് അറിയില്ല, എല്ലാവരും പ്രാര്‍ത്ഥിക്കുക. എന്ന് പറഞ്ഞാണ് ഞാന്‍ അവിടെനിന്ന് ഇറങ്ങിയത്,’ പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj share the experience of he loss his weight for second time