പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തിയ കടുവ 50 കോടി ക്ലബ്ബില്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘നിങ്ങളുടെ സ്‌നേഹത്തിന് ഒരിക്കല്‍ കൂടി നന്ദി. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ കടുവ 50 കോടി നേടിയിരിക്കുന്നു,’ എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണിത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഓഗസ്റ്റ് നാലിന് കടുവ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈമിലൂടെ ആകും ഒ.ടി.ടി. സ്ട്രീമിങ്. അതേസമയം കടുവയുടെ ഒ.ടി.ടി റിലീസ് തടയണമെന്ന ആവശ്യവുമായി കടുവക്കുന്നേല്‍ കുറുവച്ചന്‍ കോടതിയെ സമീപിച്ചിരുന്നു.
ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ജൂലൈ ഏഴിന് കടുവ റിലീസ് ചെയ്തത്. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്നും കുര്യച്ചന്‍ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്.
എന്നാല്‍ കുര്യച്ചന്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമാണ് കുറുവച്ചന്റെ പുതിയ പരാതി.
Content Highlight: Prithviraj-Shaji Kailas team up, tiger in 50 crore club