Advertisement
Entertainment news
'കടുവ'യ്ക്ക് വീണ്ടും തിരിച്ചടി; സെറ്റില്‍ മോശം ഭക്ഷണവും കുറഞ്ഞ കൂലിയുമെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍; പരാതി നല്‍കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 10, 01:05 pm
Friday, 10th December 2021, 6:35 pm

കൊച്ചി: കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് പിന്നാലെ കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി ചിത്രത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍.

കടുവയുടെ ഷൂട്ടിംഗ് സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നല്‍കിയെന്നാണ് പരാതി. സിനിമയില്‍ പ്രവര്‍ത്തിച്ച 35 ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സെറ്റിലെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്നും പറഞ്ഞ വേതനമല്ല നല്‍കിയതെന്നുമാണ് പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ലൊക്കേഷനില്‍ എത്തിച്ച കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റലപ്പള്ളിക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഒരു ദിവസം 500, 350 രൂപയാണ് പറഞ്ഞിരുന്നത്. എന്നാല്‍ പണം കൃത്യമായി ലഭിച്ചില്ലെന്നും ഇതിനെ തുടര്‍ന്ന് പലരും സെറ്റില്‍ നിന്നും തിരികെ പോയിട്ടുണ്ടെന്നുമാണ് ആരോപണം. കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി പറഞ്ഞു. ലൊക്കേഷനില്‍ ചപ്പാത്തിയല്ല ബിരയാണിയാണ് എല്ലാവര്‍ക്കും കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സ്റ്റേ ലഭിച്ചത്.കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍ നല്‍കിയ ഹരജിയിലാണ് എറണാകുളം സബ് കോടതി ചിത്രത്തിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയത്.

കുറുവച്ചന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എവന്നാല്‍ ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുറുവച്ചന്‍ ഹരജി നല്‍കിയത്.

സിനിമയുടെ നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമായിരുന്നു കടുവ.

വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെയും ചിത്രം വിവാദത്തില്‍ ആയിരുന്നു. കുറുവച്ചന്റെ ജീവിതം അടിസ്ഥാനമാക്കി സുരേഷ് ഗോപി ചിത്രവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ചു. കേസില്‍ കോടതി സുരേഷ് ഗോപി ചിത്രത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

ഇതിനിടെയാണ് കടുവയ്ക്കും ഇപ്പോള്‍ സ്റ്റേ ലഭിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj – Shaji kailas Team News Movie Kaduva have again issue, Junior artists say bad food and low wages on set; Complained