| Sunday, 3rd July 2022, 10:51 am

മലയാളം സൂപ്പര്‍ സ്റ്റാറിന്റെ സിനിമ പോലെ വിജയ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നു, തമിഴില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളം സിനിമ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്ന് പൃഥ്വിരാജ്. കൊവിഡ് കാലത്താണ് ആളുകള്‍ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങിയതെന്നും ഒ.ടി.ടികള്‍ ദേശീയ തലത്തില്‍ പുതിയ പ്ലാറ്റ് ഫോമുകള്‍ തുറന്നുതന്നുവെന്നും തമിഴ് ഗലാട്ടക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘മറ്റ് പ്രാദേശിക ഭാഷകളെ വെച്ച് നോക്കുമ്പോള്‍ മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നത്. അതിനര്‍ത്ഥം മലയാളത്തില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതാണെന്നല്ല. മലയാളസിനിമ നല്ല ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് ഒരു വിധത്തില്‍ ആ പ്രോസസിനെ സഹായിച്ചിട്ടുണ്ട്. ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി.

ഒ.ടി.ടിയിലൂടെ ഞങ്ങള്‍ക്ക് ദേശീയ തലത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കാന്‍ തുടങ്ങി. അത് മലയാളം സിനിമക്ക് വലിയ ഗുണമാണ് ചെയ്യുന്നത്. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങള്‍ മലയാളത്തിലേക്ക് ലഭിക്കുന്ന വരുമാനം നാലഞ്ച് ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും ഇന്‍ഡസ്ട്രി അതുപോലെ വളര്‍ന്നിട്ടുണ്ടെന്ന് തോന്നുന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.

‘പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ വലിയ തോതില്‍ മാറിയിട്ടുണ്ട്. ഒരു സിനിമ റിലീസിന് മുമ്പേ തിയേറ്ററില്‍ പോയി കാണണമോയെന്ന് ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്. കാരണം ഒരു നാല് ആഴ്ച കഴിയുമ്പോള്‍ ഈ സിനിമകള്‍ ഒ.ടി.ടിയില്‍ വരും. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഇന്‍ഫീരിയറാണെന്നോ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ സുപ്പീരിയറാണെന്നോ ഉള്ള ചിന്ത എനിക്കില്ല. അത് രണ്ട് തരത്തിലുള്ള സിനിമയാണ്.

ഞാന്‍ അഭിമുഖങ്ങള്‍ക്ക് പോവുമ്പോള്‍ മലയാളം സിനിമകള്‍ അങ്ങനെയാണ് ഞങ്ങളിങ്ങനെയാണ് എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഞങ്ങള്‍ ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു വിജയ് ചിത്രം മലയാളം സൂപ്പര്‍ സ്റ്റാറിന്റെ സിനിമ പോലെയാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ വിജയ് ചെയ്യുന്ന സിനിമകളില്‍ എന്തോ ഒന്ന് ശരിയായിട്ടുണ്ട്. ഞങ്ങള്‍ക്ക് തമിഴില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight:  Prithviraj says Vijay film releasing in Kerala like Malayalam superstar’s film, we can learn from Tamil too

We use cookies to give you the best possible experience. Learn more