പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ 2019ലെ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ മോഹന്‍ലാലിലെ കുട്ടിയെ താന്‍ കണ്ടെന്നും അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളേയും സമീപിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
”ലാലേട്ടന് പൊതുവെ ജീവിതത്തില്‍ ഒരു കുട്ടിയെ പോലെ ആവേശമുണ്ട്. ലാലേട്ടന്‍ ഒരു കൊച്ച് കുട്ടിയാണ്. ഞാന്‍ ഇത് ഏറ്റവും നല്ല രീതിയിലാണ് പറയുന്നത്. ഉദാഹരണത്തിന്, ഭയങ്കര രസമുള്ള ഒരു വീഡിയോ യൂട്യൂബില്‍ വന്നു. അത് നമുക്ക് ലാലേട്ടന്‍ കാണിച്ച് തരുന്ന ഒരു രീതിയുണ്ട്. മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും. ലാലേട്ടന്‍ എന്നെ വീഡിയോ കാണിക്കുമ്പോള്‍ പലപ്പോഴും ഫോണിലേക്കല്ല ലാലേട്ടന്റെ മുഖത്താണ് ഞാന്‍ നോക്കാറുള്ളത്. അദ്ദേഹത്തിന് ഒരു കൊച്ച് കുട്ടിയെ പോലെ ഭയങ്കര എക്സൈറ്റ്മെന്റാണ്.
ലൂസിഫര്‍ സിനിമയില്‍ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ തിരിച്ച് വന്ന് സാര്‍ ഞാനൊന്ന് കണ്ടോട്ടെ എന്ന് എന്നോട് ചോദിക്കും. ഞാന്‍ കണ്ടോളൂ എന്നും പറയും. പുള്ളിക്കാരന്‍ മോണിറ്ററില്‍ നോക്കി ഷോട്ട് കണ്ടാല്‍ അയ്യോ എന്താലെ മോനെ, അത് കണ്ടോ എന്നൊക്കെ ചോദിക്കും. ഞാന്‍ ആ സമയത്ത് ആരാധനയോട് കൂടി നോക്കി നിന്നിട്ടുണ്ട്.
എന്റെ ഒരു ഷോട്ട് കണ്ട് കഴിഞ്ഞാല്‍ അടുത്തത് എന്താണ് എന്നാണ് ഞാന്‍ ചോദിക്കുന്നത്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയല്ല. അയ്യോ എന്താലെ മോനെ, ഞാന്‍ ഒന്ന് കൂടി കണ്ടോട്ടെ എന്ന് ചോദിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണത്. അപ്പോള്‍ ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണെന്ന് തോന്നും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നും എനിക്കറിയാം. പുള്ളിക്കാരന്‍ എപ്പോഴും അങ്ങനെയായിരിക്കും. വാസ്തവത്തില്‍ എനിക്ക് അത് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇത്തരം ചെറിയ കാര്യങ്ങളില്‍ എക്സൈറ്റ്മെന്റാവുക എന്നതാണ് അദ്ദേഹത്തിന്റെ എനര്‍ജി. അത് എനിക്കില്ല,” പൃഥ്വിരാജ് പറഞ്ഞു.
”ദൈവം ഒരുപാട് അനുഗ്രഹിച്ച മനുഷ്യനാണ് അദ്ദേഹം. ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല, അദ്ദേഹം ശരിക്കും ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. കാരണം, പുള്ളിക്കാരന്റെ എല്ലാത്തിനോടുമുള്ള ഒരു വീക്ഷണം ഒരു കുട്ടിയെ പോലെയാണ്, മാത്രമല്ല എല്ലാം ലളിതമായി കാണുകയും ചെയ്യുന്നു. അദ്ദേഹം വളരെ പ്രത്യേക മനുഷ്യനാണ്. സിനിമ സംബന്ധമല്ലാത്ത കുറെ സംഭാഷണങ്ങള്‍ ലാലേട്ടനുമായി നടത്താന്‍ കഴിയുമ്പോഴാണ് നമ്മള്‍ ശോ ഈ മനുഷ്യന്‍ ഇങ്ങനെയാണോ എന്ന് തോന്നുന്നത്,” പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘ജന ഗണ മന’ റിലീസ് ചെയ്തിരിക്കുകയാണ്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മാജിക്ക് ഫ്രേംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ശാരി, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചത്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Content Highlight: prithviraj says there is child in mohanlal