ഇന്നത്തെ കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്ന് നടന്‍ പൃഥ്വിരാജ്. ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
‘ഇന്നത്തെ കാലത്ത് സിനിമയിലെത്തിപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ചരിത്രത്തില്‍ ഏറ്റവും എളുപ്പമുള്ള സമയമാണിത്. നല്ലൊരു ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്താല്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കും. സിനിമാറ്റോഗ്രാഫറാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരു ഐ ഫോണില്‍ അഞ്ചോ പത്തോ മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ചെയ്ത് യൂട്യൂബില്‍ ഇടാന്‍ ആരുടെയും സഹായം വേണ്ട. അത് നല്ലതാണെങ്കില്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. ഇന്ന് എല്ലാം കുറച്ച് കൂടി എളുപ്പമാണ്. കഴിവുണ്ടെങ്കില്‍ അവസരം ലഭിക്കും. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാത്തവരും ഉണ്ടെന്ന് എനിക്ക് അറിയാം.
എന്റെ ഈ പൊസിഷനില്‍ ഇരിക്കാന്‍ എന്നെക്കാള്‍ അര്‍ഹതയുള്ള, ടാലന്റഡായിട്ടുള്ള, സ്‌കില്ലുള്ള ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വെളിയിലുണ്ടെന്ന് ഞാന്‍ പൂര്‍ണമായും ബോധവാനാണ്. അതാണ് ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം.
ഒറ്റ ചാന്‍സില്‍ ഒന്നും നടക്കാന്‍ പോണില്ല. ചാന്‍സ് കിട്ടി, സിനിമയിലെത്തി നിങ്ങള്‍ ചെയ്ത ഒരു സിനിമ സൂപ്പര്‍ ഹിറ്റായി, അവിടെ തുടങ്ങുന്നതേയുള്ളൂ. പിന്നെ അങ്ങോട്ടൊരു വലിയ ജേര്‍ണിയാണ്. ഇത് തുടര്‍ച്ചയായ പ്രക്രിയയാണ്. ലാലേട്ടനും മമ്മൂക്കയും എന്നോ ഒരിക്കല്‍ സൂപ്പര്‍ സ്റ്റാറായി എന്നുള്ളതല്ല അവരുടെ അച്ചീവ്‌മെന്റ്. അന്നുമുതല്‍ ഇന്ന് വരെ സൂപ്പര്‍ സ്റ്റാറുകളായി നിലനില്‍ക്കുന്നു എന്നതാണ് യഥാര്‍ത്ഥ അച്ചീവ്‌മെന്റ്. സിനിമയിലുള്ളവര്‍ക്ക് ഞാനെന്താണ് പറയുന്നതെന്ന് മനസിലാവും,’ പൃഥ്വിരാജ് പറഞ്ഞു.
തീര്‍പ്പാണ് ഏറ്റവും പുതുതായി തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
Content Highlight: prithviraj says The real achievement of mohanlal and mammootty is that they have remained superstars till now