| Saturday, 2nd September 2023, 9:47 am

എമ്പുരാന് പ്രൊമോ ഷൂട്ട് ഉണ്ടാവില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ എവിടെ നിന്നാണെന്ന് അറിയില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ പ്രൊമോ ഷൂട്ട് ഈ മാസമുണ്ടാവുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഈ വാര്‍ത്ത എവിടെ നിന്നാണെന്ന് അറിയില്ല. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്നത് പോലെ എമ്പുരാന് ഒരു പ്രൊമോ ഷൂട്ട് ഉണ്ടാവില്ല. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂ, നന്ദി,’ പൃഥ്വിരാജ് കുറിച്ചു.

മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് ചിത്രം.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘ഖുറേഷി അബ്രഹാമി’ന്റെ പഴയ കാലഘട്ടം ആണ് എമ്പുരാന്‍ പറയുക എന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതല്ല, പ്രിക്വല്‍ + സീക്വല്‍ മിക്‌സഡ് ആണ് ചിത്രമെന്നും പറയുന്നവരുണ്ട്.

ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഹൊംബാലെ ഫിലിംസും ഒന്നിച്ചാകും എമ്പുരാന്‍ നിര്‍മിക്കുക എന്നാണ് വിവരം. ലൂസിഫറിലെ പ്രധാന താരങ്ങളായ മഞ്ജു വാരിയര്‍, ടൊവിനൊ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ എമ്പുരാനിലും ഉണ്ടാകും.

നിലവില്‍ വൃഷഭ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫന്റെ റാം, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുമന്ന ബാറോസ് എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.

Content Highlight: Prithviraj says the news that the promo shoot of Empuran will be held this month is wrong

We use cookies to give you the best possible experience. Learn more