രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ഒരു മികച്ച തുടക്കം ലഭിച്ച മലയാളികളുടെ പ്രിയനടനാണ് പൃഥ്വിരാജ്.
നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ പൃഥ്വി കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരുപിടി പരീക്ഷണ സിനിമകളുടെയും ഭാഗമായിട്ടുള്ള നടനാണ് പൃഥ്വിരാജ്. അത്തരത്തിൽ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായിരുന്നു നയൻ.
മമ്ത മോഹൻദാസ്, വാമിക ഖബ്ബി, പ്രകാശ് രാജ് തുടങ്ങിയവർ അഭിനയിച്ച സിനിമ ഒരു സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായിരുന്നു. വ്യത്യസ്തമായ കഥ പറഞ്ഞ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആ കഥ കേട്ടപ്പോൾ തനിക്ക് ചെയ്യാൻ വലിയ താത്പര്യം തോന്നിയെന്നും പൃഥ്വി പറയുന്നു.
ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞു. ഒടുവിൽ സിനിമ നിർമിക്കാൻ താൻ സ്വയം തീരുമാനിച്ചെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് പൃഥ്വിരാജ് പറഞ്ഞു.
‘റിസ്ക് എടുക്കാൻ പറ്റുന്നത് കൊണ്ടാണ് എടുക്കുന്നത്. നയൻ എന്ന ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നു. ജെനൂസിനെ ഞാൻ തന്നെ ഒരുപാട് നിർമാതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥയുണ്ട് ഒന്ന് കേൾക്കുമോയെന്ന് ചോദിച്ചിട്ട്.
അവരൊക്കെ തിരിച്ച് എന്നോട് ചോദിച്ചത് നമുക്കൊരു ആക്ഷൻ സിനിമ ചെയ്തൂടെ എന്നായിരുന്നു. അങ്ങനെയൊക്കെയാണ് ചോദ്യം വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി എനിക്കിഷ്ടപ്പെട്ട ഒരു കഥയിൽ ഞാൻ താത്പര്യം കാണിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്തർത്ഥമാണുള്ളത്.
വേറെ ഒരാളോട് നിങ്ങൾ ഇത് ചെയ്യൂവെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലല്ലോ. അങ്ങനെ തോന്നിയത് കൊണ്ടാണ് ഞാൻ നയൻ നിർമിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ശരിക്കും സോണിയുമായിട്ടുള്ള കൂടിക്കാഴ്ച്ച സംഭവിക്കുന്നതും അവർ അതിലേക്ക് ഭാഗമാവുന്നതും,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Says That Why he Produce 9 Movie