| Wednesday, 4th December 2024, 8:13 am

ഇന്ത്യയിലെ ഏത് ഭാഷയെടുത്താലും ലാലേട്ടന്റെ ആ സിനിമയിലെ മാസ് മൊമന്റ് പോലെ ഒന്ന് വേറെ കാണില്ല: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 22 വര്‍ഷത്തെ കരിയറില്‍ 100ലധികം ചിത്രങ്ങളില്‍ പൃഥ്വി ഭാഗമായിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്. തന്റെ ഇഷ്ടനടനായ മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് ആദ്യചിത്രം സംവിധാനം ചെയ്തത്. മാസിനൊപ്പെം ക്ലാസും ചേര്‍ന്ന ലൂസിഫര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി.

സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസ് മൊമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഇന്ത്യയിലെ ഏത് ഭാഷയെടുത്താലും അതിലൊന്നും സ്ഫടികത്തെ വെല്ലാന്‍ മറ്റൊരു സിനിമയില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് പൃഥ്വിരാജ് പറഞ്ഞു. പൊലീസായ വില്ലനെ തല്ലിയ ശേഷം ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് എന്ന് പറയുന്നതിനപ്പുറം വലിയ മാസ് ഡയലോഗ് താന്‍ കേട്ടിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

താന്‍ ഇടയ്ക്കിടെ കാണുന്ന സിനിമയാണ് സ്ഫടികമെന്നും ദേവാസുരവും ന്യൂഡല്‍ഹിയും കണ്ടാണ് സിനിമാസ്വാദനം ആരംഭിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. ശരിയായി നടക്കാന്‍ സാധിക്കാത്ത ഒരു നായകനെ വെച്ച് മാസ് കാണിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സിനിമയാണ് ന്യൂഡല്‍ഹിയെന്നും മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും ആ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഏറ്റവും ഇഷ്ടപ്പെട്ട മാസ് മൊമന്റ് ഏതെന്ന് ചോദിച്ചാല്‍ അത് സ്ഫടികാണ്. ഇന്ത്യയിലെ ഏത് ഭാഷയിലുള്ള സിനിമകള്‍ എടുത്താലും സ്ഫടികത്തിലെ ചില സീനുകളിലെ പോലെ മാസ് തോന്നിയിട്ടില്ല. പൊലീസായിട്ടുള്ള വില്ലനെ തല്ലിയ ശേഷം ‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്, ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും’ എന്ന് പറയുന്നതിനപ്പുറം വേറെ മാസ് ഇല്ല. ഞാന്‍ ഇപ്പോഴും ഇടയ്ക്കിടെ കാണുന്ന സിനിമയാണ് സ്ഫടികം.

അതുപോലെ ദേവാസുരം, ന്യൂഡല്‍ഹി പോലുള്ള സിനിമകളിലെയും മാസ് എലമെന്റ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ മാസ് എലമെന്റ് എന്താണെന്ന് ചോദിച്ചാല്‍ അതിന്റെ സെക്കന്‍ഡ് ഹാഫാണ്. ശരിക്ക് നടക്കാന്‍ കഴിയാത്ത ഒരു നായകന്‍ അത്രയും മാസ് കാണിക്കുന്നത് വേറെ എവിടെയും കാണാന്‍ സാധിക്കില്ല. മമ്മൂക്ക ചെയ്തത് കൊണ്ടാണ് അത് നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നത്. മലയാളസിനിമ മുന്നിട്ടുനില്‍ക്കുന്നത് ഇത്തരം വ്യത്യസ്തമായ ഐഡിയകളിലൂടെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj says that Spadikam is his most favorite mass movie

We use cookies to give you the best possible experience. Learn more