ഇഷ്ടപ്പെട്ട മാസ് മൊമെന്റ് ചോദിച്ചാല്‍ ഏത് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്. മോഹന്‍ലാലിന്റെ സ്ഫടികമല്ലാതെ ഇന്ത്യയില്‍ നിന്നും മറ്റൊരു മാസ് ചിത്രം തെരഞ്ഞെടുക്കാവില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇഷ്ടപ്പെട്ട മാസ് മൊമെന്റ് സ്ഫടികത്തിലേതാണ്. ഇന്ത്യയില്‍ ഏത് ഭാഷ എടുത്താലും അതിലും മികച്ച ഒരു മാസ് സിനിമ എനിക്ക് തെരഞ്ഞെടുക്കാനാവില്ല. ‘ഇതെന്റെ പുതിയ റെയ്ബാന്‍ ഗ്ലാസ്. ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും’ എന്ന ഡയലോഗാണ് എനിക്ക് ഏറ്റവുമിഷ്ടം,’ പൃഥ്വിരാജ് പറഞ്ഞു.
മലയാളം ഇന്‍ഡസ്ട്രിക്ക് പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മിക്കാനുള്ള പരിമിതിയെ പറ്റിയും പൃഥ്വിരാജ് സംസാരിച്ചു. ‘എങ്ങനെയാണെങ്കിലും ഡൊമെസ്റ്റിക് മാര്‍ക്കറ്റ് തിരികെ നല്‍കുന്ന മിനിമം മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന പാന്‍ ഇന്ത്യന്‍ സിനിമകള്‍ പുറത്ത് വരുന്നത്. കാന്താരയുടെ കാര്യത്തില്‍ മാത്രമാണ് അതില്‍ മാറ്റമുണ്ടായത്. അതൊരു സ്‌പെഷ്യല്‍ കേസാണ്.
ഇപ്പോള്‍ സലാറിന്റെ കാര്യമെടുക്കൂ. തെലുങ്ക് ഇന്‍ഡസ്ട്രി ആ സിനിമക്ക് ഒരു മിനിമം മാര്‍ക്കറ്റ് തരുമെന്ന് നമുക്ക് അറിയാം. ഇങ്ങനെയുള്ള വലിയ സിനിമകള്‍ നിര്‍മിക്കുമ്പോഴുള്ള അടിസ്ഥാനപരമായ കണക്കുകൂട്ടല്‍ അതാണ്. ആ കേസില്‍ മലയാളത്തിന് പരിമിതികളുണ്ട്.
പ്രധാനപ്പെട്ട അഞ്ച് ഇന്‍ഡസ്ട്രികളില്‍ ഏറ്റവും ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. തിയേറ്ററുകളുടെ എണ്ണമെടുത്താലും നമ്മുടെ സിനിമ റിലീസ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രീനുകളുടെ എണ്ണമെടുത്താലും അങ്ങനെ തന്നെയാണ്. അതിനെ മറികടക്കാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വലിയ രീതിയിലേക്ക് സ്വപ്‌നം കാണാന്‍ പറ്റുന്ന തരത്തിലേക്ക് ഞങ്ങള്‍ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണ്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj says that spadikam is his favorite mass film