യഥാര്‍ത്ഥ മണല്‍ക്കാറ്റില്‍ ഷൂട്ട് ചെയ്താല്‍ ക്യാമറ കേടാകുമെന്ന് പറഞ്ഞിട്ടും ബ്ലെസി ചേട്ടന്‍ അത് കേള്‍ക്കാന്‍ നിന്നില്ല: പൃഥ്വിരാജ്
Entertainment
യഥാര്‍ത്ഥ മണല്‍ക്കാറ്റില്‍ ഷൂട്ട് ചെയ്താല്‍ ക്യാമറ കേടാകുമെന്ന് പറഞ്ഞിട്ടും ബ്ലെസി ചേട്ടന്‍ അത് കേള്‍ക്കാന്‍ നിന്നില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 5:24 pm

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ ആടുജീവിതം തിയേറ്ററുകളിലെത്താന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ സമര്‍പ്പണമാണ് ഈ സിനിമ. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തിലെത്തുമ്പോള്‍ നായകനായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ ക്ലബ്ബ് എഫ്.എമ്മില്‍ പങ്കുവെക്കവെ, ജോര്‍ദാനില്‍ യഥാര്‍ത്ഥ മണല്‍ക്കാറ്റില്‍ ചില ക്ലോസപ്പ് ഷോട്ടുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ലോങ് ഷോട്ടുകളെല്ലാം ഗ്രീന്‍ മാറ്റില്‍ വി.എഫ്.എക്‌സ് ചെയ്തിട്ടുണ്ടന്നും, തന്റെയും ജിമ്മിയുടെയും ക്ലോസപ്പ് ഷോട്ടുകള്‍ യഥാര്‍ത്ഥ മണല്‍ക്കാറ്റിലാണ് ഷൂട്ട് ചെയ്തതെന്നും പൃഥ്വി പറഞ്ഞു.

ഒറിജിനാലിറ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന സംവിധായകനാണ് ബ്ലെസിയെന്നും പൃഥ്വി പറഞ്ഞു. ഒറിജിനല്‍ മണല്‍ക്കാറ്റില്‍ ഷൂട്ട് ചെയ്താല്‍ ക്യാമറ കേടാകുമെന്ന് പലരും പറഞ്ഞിട്ടും ബ്ലെസി പിന്മാറിയില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘ജോര്‍ദനില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ മണല്‍ക്കാറ്റൊക്കെ ഇടക്ക് ഉണ്ടാകാറുണ്ട്. ഈ സിനിമയില്‍ എന്റെയും ജിമ്മിയുടെയും കഥാപാത്രം മണല്‍ക്കാറ്റിനെ ഫേസ് ചെയ്യുന്ന സീനുണ്ട്. ആ സീന്‍ എടുക്കാന്‍ പ്ലാന്‍ ചെയ്ത ദിവസം ഞങ്ങള്‍ക്ക് അലര്‍ട്ട് വന്നു. യഥാര്‍ത്ഥ മണല്‍ക്കാറ്റ് വരും, സേഫായിട്ട് ഇരിക്കണം എന്ന് പറഞ്ഞുകൊണ്ട്. അപ്പോഴാണ് ഈ ചാന്‍സ് മുതലെടുത്താലോ എന്ന് ബ്ലെസി ചേട്ടന് തോന്നിയത്. ഈ സമയത്ത് ഷൂട്ട് ചെയ്യാമെന്ന് ബ്ലെസി ചേട്ടന്‍ പറഞ്ഞു.

ക്രൂ മൊത്തം പുള്ളിയെ പിന്തിരിപ്പിക്കാന്‍ നോക്കി. ബ്ലെസി ചേട്ടന്‍ അതൊക്കെ എവിടന്ന് കേള്‍ക്കാന്‍. എന്തു വന്നാലും ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് പറഞ്ഞ് പുള്ളി ആ മണല്‍ക്കാറ്റിന്റെ ഇടയില്‍ ഷൂട്ട് ചെയ്തു. ഫുള്‍ സീക്വന്‍സ് അല്ല, എന്റയും ജിമ്മിയുടെയും ചില ക്ലോസപ്പ് ഷോട്ടുകള്‍ റിയലാണ്. ബാക്കി ഷോട്ടുകളൊക്കെ ഗ്രീന്‍ മാറ്റില്‍ വി.എഫ്.എക്‌സ് ചെയ്തതാണ്. സിനിമ കാമുമ്പോള്‍ ഒറിജിനലും ഗ്രാഫിക്‌സും നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj says that some shot were captured in real sandstorm in Aadujeevitham