ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന കടുവക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമെത്തുന്നുണ്ട്. ചിത്രത്തിനായി ഹൈ ലെവല്‍ പ്രൊമോഷനാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം ദുബായിലെ ആകാശത്ത് ഡ്രോണുപയോഗിച്ചുള്ള കടുവയുടെ ലൈറ്റ് ഷോ നടന്നിരുന്നു. കടുവ എന്ന് പേര്, പൃഥ്വിരാജ് അവതരിപ്പിച്ച കടുവക്കുന്നില്‍ കുറുവച്ചന്‍, നിര്‍മാണ കമ്പനികളുടെ പേര് എന്നിവയാണ് ആകാശത്ത് ഡ്രോണ്‍ ലൈറ്റ് ഷോയില്‍ തെളിഞ്ഞത്. ലോകത്ത് ഒരിടത്തും അത്തരത്തില്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ നടന്നിട്ടില്ലെന്ന് പറയുകയാണ് ക്ലബ്ബ് എഫ്.എം. ദുബായിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്.
‘ആകാശത്ത് തെളിഞ്ഞത് ഈ കഥാപാത്രത്തിന്റെ മുഖമാണ്, പൃഥ്വിരാജിന്റെ മുഖമല്ല. ഒരു ലാന്‍ഡ്മാര്‍ക്ക് മൊമെന്റ് ആയിരുന്നു അത്. മലയാളം സിനിമയെന്നോ ഇന്ത്യന്‍ സിനിമ എന്നോ അല്ല, ലോകത്തൊരിടത്തും ഇതുപോലെ ഒരു സിനിമ പ്രൊമോട്ട് ചെയ്തിട്ടുണ്ടോന്ന് എനിക്ക് അറിയില്ല. കടുവ എന്ന് മലയാളം ലിപിയില്‍ എഴുതിക്കാണിച്ചപ്പോള്‍ ഉള്ളില്‍ അഭിമാനം തോന്നി. അത് വലിയ സന്തോഷമുള്ള കാര്യം.
അതിന്റെ ഫുള്‍ ക്രെഡിറ്റ് പോകുന്നത് ഫാഴ്‌സ് ഫിലിംസിനാണ്. കടുവയുടെ റിലീസിന് മുമ്പ് ജോര്‍ദാനില്‍ നിന്നും ആട് ജീവിതം ഷൂട്ട് കഴിഞ്ഞ് വരുന്ന വഴി ദുബായില്‍ ഇറങ്ങി അവരെ കാണാന്‍ പോയി. ഇതൊരു കൊമേഷ്യല്‍ മാസ് എന്റര്‍ടെയ്‌നറാണെന്നും അതുകൊണ്ട് ഇതിന്റെ പ്രമോഷനും കാര്യങ്ങളുമെല്ലാം ഒരു സ്‌കെയിലില്‍ ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ഗോല്‍ചന്ദ് സാര്‍ എനിക്ക് മൂന്നാല് ഓപ്ഷന്‍സ് തന്നു. അതെല്ലാം കേട്ടാല്‍ ഞെട്ടി പോവുന്നതായിരുന്നു. കേട്ടതില്‍ നടക്കാന്‍ ഒട്ടും സാധ്യതയില്ലെന്ന് തോന്നിയ ഓപ്ഷനാണ് നടന്നത്.
യു.എ.ഇയില്‍ ഡ്രോണ്‍ പെര്‍മിഷന്‍ ഭയങ്കര കോംപ്ലിക്കേറ്റഡാണ്. നമ്മുടെ നാട്ടിലേത് പോലല്ല. പൊലീസ് പെര്‍മിഷന്‍ അത് ഇത് ഒരുപാട് കാര്യങ്ങളുണ്ട്. 250 ഡ്രോണുകളാണ് ഒരേ സമയം ഇത്രയും പബ്ലിക് ആക്‌സസ് ഉള്ള സ്ഥലത്ത് പറപ്പിച്ചത്. ഞങ്ങളൊക്കെ ഡ്രോണ്‍ ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്നവരാണ് സിനിമയില്‍. അതിന്റെ ബുദ്ധിമുട്ട് അറിയാവുന്നതാണ്. ഒരേ മാനറില്‍ 250 ഡ്രോണുകള്‍ ഉപയോഗിക്കുക എന്നത് അത്ഭുതകരമായിരുന്നു. അതൊരു മലയാളം സിനിമ ആണ് ചെയ്തത് എന്ന് പറയുമ്പോള്‍ ഒരുപാട് അഭിമാനം. അതെന്റെ സിനിമ ആണെന്നതില്‍ ഒരുപാട് സന്തോഷം,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj says that no such promotion of a film kaduva has been done anywhere in the world