രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.
ഇഷ്ടപ്പെട്ട ഴോണറിനെക്കുറിച്ചും മലയാളത്തില്‍ ആ ഴോണറില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. കോമഡി ഴോണറിലുള്ള സിനിമകള്‍ കാണാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ഴോണറില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയെ എടുത്തു പറയാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് സിനിമകളാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് പൃഥ്വി പറഞ്ഞു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ സിനിമകളാണ് തന്റെ ഫേവറെറ്റെന്നും ഇത് മൂന്നും ഒരു ട്രിലജിയിലുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമകള്‍ ബോളിവുഡില്‍ ഇതുവരെ ആരും റീമേക്ക് ചെയ്ത് കണ്ടിട്ടില്ലെന്നും ആര്‍ക്കും അത് ചെയ്യാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഴോണര്‍ കോമഡിയാണ്. ആ ഴോണറില്‍ സിനിമ ചെയ്യാനും ഇഷ്ടമാണ്. സിനിമ കാണുമ്പോഴും കോമഡി ഴോണര്‍ ചൂസ് ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോമഡി സിനിമ മാത്രമായി തെരഞ്ഞെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂന്ന് സിനിമകളാണ് ഏറ്റവും ഇഷ്ടമുള്ളതായി കണക്കാക്കുന്നത്.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ സിനിമകളാണ് ആ മൂന്നെണ്ണം. അത് ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മലയാളത്തിലെ മറ്റ് കോമഡി സിനിമകളില്‍ പലതും ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്ന് സിനിമകള്‍ അങ്ങനെ റീമേക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്,’ പൃഥ്വിരാജ് പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ആദ്യദിനം തന്നെ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ചിത്രം ലിയോ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ പ്രീ സെയിലിലൂടെ തന്നെ തകര്‍ക്കാന്‍ എമ്പുരാന് സാധിച്ചു. മലയാളത്തിലെ ഏറ്റവും വലിയ റിലീസായെത്തിയ ചിത്രം വരുംദിവസങ്ങളില്‍ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്.
Content Highlight: Prithviraj Says that Nadodikkattu trilogy is his favorite in Comedy genre