| Friday, 29th April 2022, 1:14 pm

ഞാനാണ് ഏറ്റവും മിടുക്കന്‍, എന്നെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന ധാരണ എല്ലാവര്‍ക്കുമുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സിനിമാ ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ്. 2002 ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനത്തിലൂടെ കരിയര്‍ ആരംഭിച്ച പൃഥ്വിരാജ് മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പൊതുവേ അഭിനേതാക്കളെല്ലാം നാര്‍സിസ്റ്റുകളാണെന്ന് പറയുകയാണ് പൃഥ്വിരാജ്. താനാണ് ഏറ്റവും മിടുക്കന്‍ എന്ന വിചാരം എല്ലാ അഭിനേതാക്കള്‍ക്കും ഉണ്ടെന്നും എന്നാല്‍ ആരും അത് പുറത്ത് കാണിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്‍രിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജിലെ സംവിധാകന്‍ പൃഥ്വിരാജിലെ ആക്ടറിനെ എങ്ങനെ കാണുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ആക്‌റ്റേഴ്‌സെല്ലാം അടിസ്ഥാനപരമായി നാര്‍സിസ്റ്റുകളാണ്, എനിക്ക് അറിയാവുന്ന എല്ലാവരും. ഞാനാണ് ഏറ്റവും മിടുക്കന്‍ എന്നെ വേണ്ട രീതിയില്‍ അവര്‍ ഉപയോഗിക്കുന്നില്ല എന്ന ധാരണ എല്ലാ അഭിനേതാക്കളുടെയും ഉള്ളിലുണ്ട്.

ഞാനൊക്കെ എന്താണ്, അവര്‍ വലിയ ആള്‍ക്കാരല്ലേ എന്ന് എല്ലാവരും പറയും. പക്ഷേ ഉളളില്‍ ഞാനാണ് ഏറ്റവും മിടുക്കന്‍ എന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ ഇവര്‍ കണ്ടിട്ടില്ല എന്നായിരിക്കും വിചാരിക്കുന്നത്. അത് എനിക്കുമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

‘ഡിജോ എന്നെ വെച്ച് ഒരു സിനിമ ചെയ്യാന്‍ വരുമ്പോള്‍ എന്തെങ്കിലും പുതിയത് അതില്‍ കാണുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സംവിധായകനായി ഞാനെന്നെ കാണുമ്പോള്‍ ഉഗ്രന്‍ ആക്ടറാണല്ലോ, നന്നായി ഉപയോഗിക്കണം എന്നാണ് വിചാരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ ജന ഗണ മന തിയേറ്ററുകളിലെത്തിയത്. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ശാരി, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Prithviraj says that in general, all actors are narcissists

We use cookies to give you the best possible experience. Learn more