ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥിരാജ് നായകനായെത്തിയ കടുവ റിലീസായിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമ കഥകൾ കേൾക്കാൻ തനിക്ക് മാനേജറില്ലെന്ന് പറഞ്ഞിരിക്കുകയാണ് പൃഥിരാജ്. എന്നാൽ അങ്ങനെ മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു മാനേജറോ, ഈ കഥ കേട്ടിട്ട് കൊള്ളാം ഈ കഥ സാർ കേൾക്കൂ എന്ന് പറയാൻ ഫിൽറ്ററോ എനിക്ക് ഇല്ല. അതിനു ഗുണവും ദോഷവുമുണ്ട്. ഗുണമെന്ന് പറഞ്ഞാൽ എന്റെ അടുത്ത് നിങ്ങൾക്ക് ഡയറക്ട് ആക്സസ് ഉണ്ടാകും.
എന്റെ ലൊക്കേഷനിൽ വരികയോ എനിക്ക് മെസേജ് ചെയ്യുകയോ അല്ലെങ്കിൽ എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോൺടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാൽ പിന്നെ നിങ്ങൾ എന്റെ അടുത്താണ് വരിക. അല്ലാതെ എന്റെ ഒരു മാനേജറോ അല്ലെങ്കിൽ മറ്റൊരാളോ അല്ല കഥ കേൾക്കുക.
അതിന്റെ ദോഷം എന്ന് പറയുന്നത് എനിക്ക് കുറച്ച് കഥകളെ കേൾക്കാൻ പറ്റൂ. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോൾ ഷോട്ടുകൾക്കിടയിൽ കേൾക്കാം എന്ന് വിചാരിച്ചാൽ പോലും ഒരു ദിവസം രണ്ട് കഥകൾ മാത്രമാണ് കേൾക്കാൻ പറ്റുക.
എന്റെ അടുത്ത് പലരും പറയാറുണ്ട്, എന്തുകൊണ്ട് കഥ കേൾക്കാൻ ഒരു മൂന്നുപേരെ നിയമിച്ചുകൂടാ എന്ന്. അതിൽ എന്റെ സംശയം അങ്ങനെ നിയമിച്ചാൽ അവർക്ക് ഇഷ്ടപ്പെട്ട കഥകളല്ലേ ഞാൻ കേൾക്കുക. എന്റെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ഞാൻ തീരുമാനങ്ങൾ എടുക്കുക. അതിനൊരു പ്രതിവിധിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Prithviraj says that he have no manager to handle the scripts, and it’s have also merits and demerits