| Tuesday, 19th November 2024, 8:01 pm

ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു ആ സിനിമ, അത് നഷ്ടമായതില്‍ നല്ല വിഷമമുണ്ട്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ ഒരു സ്ഥാനം അലങ്കരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമെ സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍ എന്നീ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ അഭിനയിച്ച പൃഥ്വി നിരവധി സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.

തനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ബാറോസ് ചെയ്യാന്‍ പറ്റാതെ പോയത് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ സിനിമയുടെ ആദ്യത്തെ കാസ്റ്റില്‍ താനും ഉണ്ടായിരുന്നെന്നും ഒരു മാസത്തോളം തന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൊവിഡ് കാരണം കുറച്ചുകാലം ഷൂട്ട് നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്ന് പൃഥ്വി പറഞ്ഞു. പിന്നീട് ഷൂട്ട് ആരംഭിച്ചപ്പോള്‍ ആടുജീവിതത്തിനായി താന്‍ തടി കുറക്കുന്ന സമയമായിരുന്നെന്നും ആ കാരണം കൊണ്ട് ബാറോസില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു ബാറോസിന്റെ സെറ്റെന്നും പൃഥ്വി പറഞ്ഞു.

എന്നെങ്കിലും ഒരു ത്രീ.ഡി ചിത്രം ചെയ്യുന്നുണ്ടെങ്കില്‍ അത് എങ്ങനെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ ബാറോസിന്റെ സെറ്റ് തന്നെ സഹായിച്ചെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ തനിക്ക് ഷൂട്ട് ഉണ്ടായിരുന്ന ദിവസങ്ങളില്‍ മുഴുവന്‍ താന്‍ ത്രീ.ഡിയുടെ സെറ്റിലായിരുന്നെന്നും സിനിമാ ഫീല്‍ഡില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി ക്യാമറയിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും പൃഥ്വി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളില്‍ ഏറ്റവും വലിയ നഷ്ടമെന്ന് കരുതുന്ന ഒന്നാണ് ബാറോസ്. ആ സിനിമയുടെ ആദ്യത്തെ കാസ്റ്റില്‍ ഞാനും ഉണ്ടായിരുന്നു. ഒരു മാസത്തില്‍ കൂടുതല്‍ അതിന്റെ ഷൂട്ട് ഉണ്ടായിരുന്നു. പക്ഷേ കൊവിഡ് കാരണം അതിന്റെ ഷൂട്ട് മുടങ്ങി. വീണ്ടും തുടങ്ങിയ സമയത്ത് ആടുജീവിതത്തിന് വേണ്ടി ഞാന്‍ രണ്ടാമത് തടി കുറക്കുകയായിരുന്നു. ആ ഒരു കാരണം കൊണ്ട് എനിക്ക് ബാറോസിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല.

എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ബാറോസ്. കാരണം, എന്നെങഅകിലും ഞാന്‍ ഒരു ത്രീ.ഡി. സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് എങ്ങനെയായിരിക്കണമെന്ന് ആ സിനിമ കാണിച്ചു തന്നിരുന്നു. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ ഒരുങ്ങുന്ന സിനിമയായതുകൊണ്ട് പ്രൊഡക്ഷനില്‍ അവര്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല.

ഇന്‍ഡസ്ട്രിയില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി. ക്യാമറയാണ് ബാറോസില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്യാമറക്ക് പിന്നിലും മികച്ച ടെക്‌നീഷ്യന്മാരുണ്ട്. സന്തോഷ് ശിവന്‍ സാര്‍, ജിജോ സാര്‍ അങ്ങനെയുള്ളവര്‍ ആ സിനിമയുടെ എല്ലാ കാര്യത്തിലും ഭാഗമായി നില്‍ക്കുന്നുണ്ട്. ആ പടത്തില്‍ എനിക്ക് ഷൂട്ടുണ്ടായിരുന്ന ദിവസങ്ങളില്‍ ത്രീ.ഡിയുടെ സെറ്റിലായിരുന്നു കൂടുതല്‍ സമയവും ഞാന്‍ നിന്നിരുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj says that he felt guilty after missed Barroz movie

We use cookies to give you the best possible experience. Learn more