| Monday, 18th March 2024, 11:33 am

കഥാപാത്രത്തില്‍ നിന്ന് പൂര്‍ണമായും മാറി എന്ന് പറഞ്ഞാലും എന്റെയുള്ളില്‍ നജീബിന്റെ ചെറിയ അംശമുണ്ടാകും, അതിന്റെ കാരണം...: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായതായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ അതിലെ നായകനായ നജീബാകാന്‍ 30 കിലോയോളമാണ് പൃഥ്വി കുറച്ചത്. ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ആടുജീവിതം എന്ന സിനിമയെന്നും ഈ സിനിമക്ക് വേണ്ടി ശാരീരികമായും മാനസികമായും ധാരാളം എഫര്‍ട്ട് എടുത്തിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു. ആടുജീവിതം എന്നസിനിമ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘കഥാപാത്രത്തില്‍ നിന്ന് പെട്ടെന്ന് മാറുന്ന ഒരാളാണ് ഞാന്‍. കഥാപാത്രത്തെക്കുറിച്ചോ, സിനിമയുടെ റിസല്‍ട്ടിനെക്കുറിച്ചോ ഒന്നും അധികം ചിന്തിക്കാറില്ല. സിനിമകളുടെ വിജയവും പരാജയവും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ഒരാളാണ് ഞാന്‍. 28ാം തിയതി ഈ സിനിമ റിലീസാകും. എന്നെ സംബന്ധിച്ച് 29ാം തിയതി സാധാരണ ദിവസം പോലെയാണ്. അത് മാറാന്‍ പോകുന്നില്ല. ഒരുപാട് കാലമായി ഞാന്‍ അങ്ങനെയാണ്.

നിങ്ങളുടെ എഫര്‍ട്ട് വെച്ച് നോക്കി സിനിമയുടെ റിസല്‍ട്ടിനെ നോക്കിക്കാണാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം. കഥാപാത്രങ്ങളില്‍ പൂര്‍ണമായി മാറേണ്ടതും പ്രാധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ എന്റെ ബാക്കി സിനിമകളും അതിലെ കഥാപാത്രങ്ങളും പോലെ ഈ സിനിമയെ കാണാന്‍ കഴിയില്ല.

അതിന്റെ ഏറ്റവും പ്രധാന കാരണം ഈ സിനിമയുമായി ഒരുപാട് കാലത്തെ ബന്ധമുണ്ട്. ഒരു കഥാപാത്രമായി 16 വര്‍ഷം സ്വയം സങ്കല്‍പ്പിച്ച വേറെ എത്ര നടന്മാര്‍ ഉണ്ടെന്ന് എനിക്കറിയില്ല. എനിക്കിപ്പോള്‍ 41 വയസായി. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഈ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ബാക്കി ദിവസങ്ങളില്‍ വേറൊരു ദിവസത്തില്‍ ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സിനിമ ചെയ്യുകയോ, അല്ലെങ്കില്‍ യാത്ര ചെയ്യുകയോ, അല്ലെങ്കില്‍ ഇറ്റലിയില്‍ വെച്ച് ഒരു കോഫി കുടിക്കുകയോ ചെയ്യുമ്പോള്‍ മനസ് പെട്ടെന്ന് നജീബിലേക്ക് സ്വിച്ച് ചെയ്യും.

എന്റ ജീവിതത്തിലെ ഒരു വലിയ കാലഘട്ടം ഈ സിനിമയിലൂടെ കടന്നുപോയതാണ്. അതുകൊണ്ട് ഈ കഥാപാത്രത്തില്‍ നിന്ന് എങ്ങനെ പുറത്തു കടക്കും എന്നതില്‍ എനിക്ക് യാതൊരു ഐഡിയയുമില്ല. കഥാപാത്രത്തെ പൂര്‍ണമായും കളഞ്ഞു എന്ന് ഞാന്‍ എന്നെത്തന്നെ പറഞ്ഞു പറ്റിച്ചാലും നജീബിന്റെ ചെറിയൊരു ഭാഗം ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ എന്റെയുള്ളില്‍ ഉണ്ടാകും.

മാനസികമായും ശാരീരികമായും ഞാന്‍ എന്നെത്തന്നെ കഷ്ടപ്പെടുത്തിയ കഥാപാത്രമാണ് നജീബ്. അതുമാത്രമല്ല, ഒരാള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. ഈ സിനിമയില്‍ ചെയ്തു വെച്ചതിനെ മേലെ എനിക്കിനി ഒന്നും ചെയ്യാനില്ല എന്ന് എനിക്ക് തറപ്പിച്ച് പറയാനാകും,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj says that he can not dissociate with Najib’s character

Latest Stories

We use cookies to give you the best possible experience. Learn more