പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, നരേൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്.
ജെയിംസ് ആൽബർട്ട് തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.
ഒരു സിനിമ വലിയ വിജയമായാൽ എത്രകാലം വേണമെങ്കിലും ആഘോഷിക്കാമെന്ന് മനസിലായത് ക്ലാസ്സ്‌മേറ്റ്സിന്റെ വിജയത്തിന് ശേഷമാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ഒരു ഐക്കോണിക് സിനിമയാണ് ക്ലാസ്സ്‌മേറ്റ്സെന്നും ലാൽജോസും ജെയിംസ് ആൽബർട്ടും ചേർന്ന് ഒരുക്കിയ ലാൻഡ് മാർക്ക് ഫിലിം ആണതെന്നും പൃഥ്വി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ക്ലാസ്സ്‌മേറ്റ്സൊക്കെ ഇറങ്ങിയ സമയത്ത് മനസിലായ ഒരു കാര്യമുണ്ട്, ഒരു സിനിമ ഇറങ്ങി വലിയ വിജയമായാൽ നമുക്ക് എത്ര കാലം വേണമെങ്കിലും അത് ആഘോഷിച്ചു കൊണ്ടിരിക്കാം.
ആദ്യം ഒരു അമ്പത് ദിവസം ഓടിയതിന്റെ ആഘോഷം ഇങ്ങ് കേരളത്തിൽ. പിന്നെ ഒരു കോൾ വരും ക്ലാസ്മേറ്റ്സിന്റെ ആഘോഷം വലിയ രീതിയിൽ ചെയ്യുകയാണ് ദുബായയിലേക്ക് ഒരു പരിപാടിക്ക് വരുമോയെന്ന്. അങ്ങനെ പിന്നെ ഞങ്ങൾ ദുബായിലേക്ക് പോവുന്നു അവിടെ ചെന്ന് അടിച്ച് പൊളിക്കുന്നു.
പിന്നെ അമേരിക്കയിലേക്ക് വിളിക്കും. കുറച്ച് നാൾ കഴിയുമ്പോൾ നമ്മൾ വിചാരിക്കും, സിനിമ ഇറങ്ങി മൂന്ന് മാസം ആയില്ലേ ഇപ്പോഴും ആഘോഷിച്ച് കൊണ്ടിരിക്കുകയാണല്ലോയെന്ന്. ഈ സക്സസിൽ തന്നെ നിൽക്കാൻ നല്ല എളുപ്പമാണ്.
സത്യത്തിൽ ഒരു ഐക്കോണിക്ക് സിനിമയാണ് ക്ലാസ്മേറ്റ്സ്. ലാൽജോസ് എന്ന ഫിലിംമേക്കറും ജെയിംസ് ആൽബർട്ട് എന്ന എഴുത്തുക്കാരനും ചേർന്ന് ഒരുക്കിയ ലാൻഡ് മാർക്ക് ഫിലിം ആണ് ക്ലാസ്മേറ്റ്സ്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Says That Classmates Is A Land Mark Movie